
ദില്ലി: പ്രകൃതിക്ഷോഭത്തിൽ വലഞ്ഞ് ഉത്തരേന്ത്യയിലേയും വടക്കുകിഴക്കൻ മേഖലയിലേയും സംസ്ഥാനങ്ങളും. ദില്ലിയടക്കമുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ ദിനംപ്രതി താപനില വരുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരാഴ്ചയായി കനത്ത മഴ തുടരുകയാണ്. ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെ ആസ്സാമിലെ പല ജില്ലകളും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.
ഇന്നലെ 47.6 ഡിഗ്രി സെൽഷ്യസ് ചൂടാണ് ദില്ലി നഗരത്തിൽ രേഖപ്പെടുത്തിയത്. 2002 മേയ് മാസത്തിന് ശേഷം ദില്ലിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്. നാളെ വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ദില്ലിയെ കൂടാതെ ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ചൂട് കടുക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
2002 മെയിൽ 46 ഡിഗ്രീ ആയിരുന്നു മെയ് മാസത്തെ ഉയർന്ന താപനില
ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. പേമാരിയെ തുടർന്ന് ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെയാണ് മാസങ്ങൾക്ക് ശേഷം ആസ്സാം വീണ്ടും വെള്ളപ്പൊക്കത്തെ നേരിടേണ്ടി വന്നത്.
ആസ്സാമിലെ കാംരൂപ് ജില്ലയിലാണ് നിലവിൽ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. വരും മണിക്കൂറുകളിൽ ജോർഹട്ട്, സോനിത്പൂർ ജില്ലകളിലും വെള്ളപ്പൊക്കം ശക്തിപ്പെടുമെന്ന് കേന്ദ്ര ജലക്കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam