ടിക് ടോക് വീഡിയോ തുണച്ചു; രണ്ട് വർഷം മുമ്പ് കാണാതായ ബധിരനും മൂകനുമായ ആളെ കണ്ടെത്തി കുടുംബം

By Web TeamFirst Published May 26, 2020, 10:58 PM IST
Highlights

അടുത്തിടെയാണ് പൊലീസ് കോൺസ്റ്റബിൾ അജയ്ബ് സിംഗ്, ലുധിയാനയിലെ സിവിൽ ലൈൻസ് ഏരിയയിലെ ഒരു മാളിന് സമീപം പാവപ്പെട്ടവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്. 

ലുധിയാന: ടിക് ടോക് വീഡിയോയുടെ സഹായത്താൽ രണ്ട് വർഷം മുമ്പ് കാണാതായ ബധിരനും മൂകനുമായ ആളെ കണ്ടെത്തി കുടുംബം. ലോക്ക്ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിന്റെ ടിക് ടോക് വീഡിയോ ആണ് പുനഃസമാഗമത്തിന് വഴിതെളിച്ചത്. തെലങ്കാനയിലെ ഭദ്രദ്രി കോത്തഗുഡെം ജില്ലയിലാണ് സംഭവം. 

2018 ഏപ്രിലിലാണ് കോത്തഗുഡെം സ്വദേശിയായ റോഡം വെങ്കിടേശ്വർലുവിനെ കാണാതായത്. ഇതിന് പിന്നാലെ കുടുംബാം​ഗങ്ങൾ പൊലീസിൽ പരാതി നൽകിയെങ്കിലും വെങ്കിടേശ്വർലുവിനെ പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അദ്ദേഹം തിരിച്ചുവരാത്തതോടെ മരിച്ചെന്ന് കരുതി അന്ത്യകർമ്മങ്ങളും നടത്തിയിരുന്നു.

അടുത്തിടെയാണ് പൊലീസ് കോൺസ്റ്റബിൾ അജയ്ബ് സിംഗ്, ലുധിയാനയിലെ സിവിൽ ലൈൻസ് ഏരിയയിലെ ഒരു മാളിന് സമീപം പാവപ്പെട്ടവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്. പിന്നാലെ ഈ വീഡിയോ ടിക് ടോക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ​ഗ്രാമത്തിലെ ഒരാൾ ഈ വീഡിയോ കാണുകയും വെങ്കിടേശ്വർലുവിനെ തിരിച്ചറിയുകയുമായിരുന്നു.

പിന്നാലെ ഇദ്ദേഹം വെങ്കിടേശ്വർലുവിന്റെ മകൾ കനകദുർഗയ്ക്ക് വീഡിയോ ക്ലിപ്പ് അടച്ചുകൊടുത്തു. ഒടുവിൽ മകൻ പെഡിരാജു തിങ്കളാഴ്ച രാവിലെ ലുധിയാനയിൽ എത്തി വെങ്കിടേശ്വർലുവിനെ വീട്ടിൽ കൊണ്ടു പോകുക ആയിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അഖിൽ ചൗധരി പറഞ്ഞു.

click me!