
ദില്ലി: ദില്ലി ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ പരിശോധന നടത്തിയതിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ മകനുമായ സന്ദീപ് ദീക്ഷിത്. മനീഷ് സിസോദിയയുടെ വസതിയിൽ റെയ്ഡ് നടന്നതില്‍ അത്ഭുതം ഒന്നുമില്ലെന്നും എന്ത് കൊണ്ട് ഇത് നേരത്തെ ഉണ്ടായില്ലെന്നുള്ള കാര്യത്തില്‍ മാത്രമാണ് അത്ഭുതമെന്നും സന്ദീപ് പറഞ്ഞു.
കഴിഞ്ഞ് ഏഴെട്ടു വര്‍ഷമായി ദില്ലി സര്‍ക്കാരില്‍ സംഭവിക്കുന്നതിനെ കുറിച്ച് നമ്മള്‍ കേട്ടുക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും എന്ത് കൊണ്ട് സിബിഐ നേരത്തെ എത്തിയില്ലെന്നുള്ള കാര്യത്തിലാണ് അത്ഭുതം. മദ്യനയത്തിനെതിരായ കേസായാലും സ്കൂളുകളുടെ കെട്ടിടം നിര്‍മ്മിച്ചതും, അധ്യാപക റിക്രൂട്ട്മെന്‍റ്, സിവില്‍ ഡിഫന്‍സ് റിക്രൂട്ട്മെന്‍റ് തുടങ്ങിയ കേസുകള്‍ ഒക്കെ നോക്കുമ്പോള്‍ ഇതിനകം പത്ത് സിബിഐ റെയ്ഡുകള്‍ എങ്കിലും നടക്കേണ്ടതാണെന്നും സന്ദീപ് പറഞ്ഞു.
കോണ്‍ഗ്രസിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തിനായി ദില്ലിയില്‍ ബിജെപിയും ആം ആദ്മിയും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ആം ആദ്മി പാര്‍ട്ടി പണം സമ്പാദിക്കുകയാണ്. കോണ്‍ഗ്രസിനെ തകര്‍ക്കുകയും ബിജെപിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അവര്‍ ചെയ്ത പാപങ്ങളെല്ലാം പുറത്ത് വരും. ബിജെപി, ധരാണ ഉണ്ടാക്കുമോ അതോ നീതിയുണ്ടാകുമോയെന്നും നമുക്ക് നോക്കാമെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു. അതേസമയം, ദില്ലി ഉപമുഖ്യമന്ത്രി പ്രതിയായ പുതിയ മദ്യനയത്തിനെതിരായ സിബിഐ കേസിൽ രണ്ട് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്.
മുംബൈ മലയാളി വിജയ് നായർ, തെലങ്കാന സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രപിള്ള എന്നിവരാണ് പ്രതികളായ മലയാളികൾ. കേസുമായി ബന്ധപ്പെട്ട് ഏഴ് സംസ്ഥാനങ്ങളിലെ മുപ്പത്തിയൊന്ന് ഇടങ്ങളിലാണ് സിബിഐ റെയിഡ് നടത്തിയത്. 2021 നവംബറിൽ നടപ്പിലാക്കിയ മദ്യ നയമാണ് കേസിനാധാരം. ഔട്ട് ലറ്റുകൾ സ്വകാര്യ മേഖലയ്ക്ക് അനുവദിച്ചതിൽ അഴിമതി നടന്നു. ലെഫ്റ്റനന്റ് ഗവർണ്ണറുടെ അനുമതിയില്ലാതെ നയത്തിൽ മാറ്റം വരുത്തിയത് സർക്കാരിന് നഷ്ടമുണ്ടാക്കി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് മനീഷ് സിസോദിയ ഉൾപ്പെടെ പതിനഞ്ച് പേർക്കതിരെ സിബിഐ കേസ്. ദില്ലി ഏക്സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും പ്രതികളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam