
ദില്ലി: എയര്‍ ക്വാളിറ്റി ഇന്‍റക്സ് 527 രേഖപ്പെടുത്തിയതോടെ ദില്ലി ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നഗരമായി തെരഞ്ഞെടുക്കപ്പെട്ടു. സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്കൈമെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മലിന നഗരങ്ങളില്‍ ഒന്നാമതാണ് ദില്ലി. ഇന്ത്യയില്‍ നിന്നുള്ള മറ്റ് രണ്ട് നഗരങ്ങള്‍ കൂടി ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.
പട്ടികയില്‍ കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തും മുംബൈ ഒമ്പതാം സ്ഥാനത്തുമാണ്. കൊല്‍ക്കത്തയില്‍ എയര്‍ ക്വാളിറ്റി ഇന്‍റക്സ് 161 ഉം മുംബൈയില്‍ ഇത് 153 ഉം ആണ്. സ്കൈമെറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ദില്ലിയില്‍ തന്നെ ഏറ്റവും മലിനമായത് ലോധി റോഡ്, ഫരീദാബാദ്, മോതി നഗര്‍, പശ്ചിം വിഹാര്‍ എന്നിവിടങ്ങളാണ്.
ഐക്യു എയര്‍ വിഷ്വല്‍സിന്‍റെ കണക്കുകള്‍ പ്രകാരവും രാജ്യതലസ്ഥാനം തന്നെയാണ് ലോകത്ത് അന്തരീക്ഷ മലിനീകരണത്തില്‍ ഒന്നാമത്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്കൂളുകള്‍ക്ക് നവംബര്‍ 15 വരെ അവധി പ്രഖ്യാപിച്ചത് മലിനീകരണം ദില്ലിയില്‍ എത്രമാത്രം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ്.
എയര്‍ ക്വാളിറ്റി ഇന്‍റക്സ് പ്രകാരം 0-50 വരെയാണ് നല്ല വായു, 51 - 100 തൃപ്തികരവും 101 - 200 വരെ തീക്ഷ്ണത കുറഞ്ഞതും 201 - 300 മോശവും 301 - 400 വരെ വളരെ മോശവും 401 - 500 വരെ അതിതീവ്രവുമാണ്. ദീപാവലി മുതല്‍ ദില്ലിയിലെയും സമീപപ്രദേശങ്ങളിലെയും അന്തരീക്ഷ വായു എയര്‍ക്വാളിറ്റി ഇന്‍റക്സ് പ്രകാരം അതിതീവ്രമാണ്. വായുമലിനീകരണം രൂക്ഷമായതോടെ കേന്ദരസര്‍ക്കാരും ദില്ലി സര്‍ക്കാരും ഒരുമിച്ച് മലിനീകരണത്തിനുള്ള പ്രതിവിധി കാണണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam