
ദില്ലി: അമിത വേഗതയിലെത്തിയ കാറിന്‍റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് പൊലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി. ദില്ലിയിലാണ് നടക്കുന്ന സംഭവം. ദില്ലി പൊലീസിൽ കോൺസ്റ്റബിളായ സന്ദീപ്(30) ആണ് കൊല്ലപ്പെട്ടത്. ബൈക്കിൽ പട്രോളിംഗ് ഡ്യൂട്ടിക്കിറങ്ങിയപ്പോഴാണ് ദാരുണമായ ആക്രമണമുണ്ടായത്. പൊലീസ് സ്റ്റേഷനിൽ നിന്നും ബൈക്കിൽ പട്രോളിംഗ് നടത്തവെ നംഗ്ലോയ് ഏരിയയിൽ ഒരു വാഗൺ ആർ കാർ അമിത വേഗതിയിൽ പോകുന്നത് സന്ദീപിന്‍റെ ശ്രദ്ധയിൽപ്പെട്ടു. വാഹനം വേഗത കുറച്ച് പോകാൻ സന്ദീപ് ആവശ്യപ്പട്ടു. ഇതോടെ പ്രകോപിതരായ കാർ യാത്രികൾ സന്ദീപിന്‍റെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിച്ച ശേഷം ബൈക്ക് 10 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചതാണ് സന്ദീപിന്‍റെ മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സന്ദീപ് ഡ്യൂട്ടി സമയത്ത് സ്റ്റേഷനിൽ നിന്ന് റെയിൽവേ റോഡിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അശ്രദ്ധമായി കാർ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ഡ്രൈവറോട് അങ്ങനെ ചെയ്യരുതെന്ന് സന്ദീപ് പറഞ്ഞതായി ദില്ലി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ കാറിലുണ്ടായിരുന്നവർ പെട്ടെന്ന് വാഹനം വേഗത കൂട്ടുകയും കോൺസ്റ്റബിളിന്‍റെ ബൈക്കിൽ പിന്നിൽ നിന്ന് ഇടിക്കുകയും 10 മീറ്ററോളം വലിച്ചിഴക്കുകയും ചെയ്തതായി ദില്ലി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. സന്ദീപ് കാറിലുള്ളവരോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെടുന്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് പശ്ചിമ വിഹാറിലെ ബാലാജി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ സന്ദീപിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അപകടമുണ്ടാക്കിയ കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പ്രതികൾക്കായി അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 103 (കൊലപാതകം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സന്ദീപിന് അമ്മയും ഭാര്യയും അഞ്ച് വയസുള്ള മകനുമുണ്ട്. സന്ദീപിന്‍റെ കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും പ്രതികലെ ഉടൻ പിടികൂടി കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ദില്ലി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
Read More : 54 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ, 24 മണിക്കൂറിൽ മരണം 129 ആയി; നേപ്പാളിനെ വെള്ളത്തിലാക്കി ന്യൂനമര്‍ദ്ദം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam