'സന്തോഷത്തോടെ പരീക്ഷയെഴുതൂ'; വിദ്യാർത്ഥികൾക്ക് പൂക്കൾ നൽകി ദില്ലി പൊലീസ്

By Web TeamFirst Published Mar 2, 2020, 2:39 PM IST
Highlights

വടക്കുകിഴക്കന്‍ ദില്ലിയിലെ ഖജൂരി ഖാസ് മേഖലയിലെ സര്‍വോദയ ബാല്‍ വിദ്യാലയത്തില്‍ പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ദില്ലി പൊലീസ് ഉദ്യോഗസ്ഥര്‍ പൂക്കള്‍ സമ്മാനിച്ച് മാതൃകയായത്. സമാധാനത്തിന്റെ സന്ദേശം നല്‍കുന്ന ഈ ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ദില്ലി: കലാപത്തിന്റെ കെടുതികളിൽ നിന്ന് ദില്ലി പൂർണ്ണമായും കര കയറിയിട്ടില്ല. ഫെബ്രുവരി 23 ന് പൊട്ടിപ്പുറപ്പെട്ട വർ​ഗീയ സംഘർഷത്തെ തുടർന്ന് കലാപബാധിത പ്രദേശങ്ങളില്‍ നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. കലാപം ശമിച്ച് ദില്ലി സാധാരണനിലയിലേക്ക് തിരിച്ചുവന്ന ഘട്ടത്തില്‍, പരീക്ഷ എഴുതാന്‍ വന്ന സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് റോസാപ്പൂക്കൾ നൽകി പരീക്ഷയ്ക്ക് അയക്കുകയാണ് ദില്ലി പൊലീസ്. വടക്കുകിഴക്കന്‍ ദില്ലിയിലെ ഖജൂരി ഖാസ് മേഖലയിലെ സര്‍വോദയ ബാല്‍ വിദ്യാലയത്തില്‍ പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ദില്ലി പൊലീസ് ഉദ്യോഗസ്ഥര്‍ പൂക്കള്‍ സമ്മാനിച്ച് മാതൃകയായത്. സമാധാനത്തിന്റെ സന്ദേശം നല്‍കുന്ന ഈ ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി മറ്റൊരു തീയതി തയ്യാറാക്കി പരീക്ഷ നടത്തുമെന്ന് സിബിഎസ് ഇ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 28, 29 തീയതികളിൽ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയയിലെയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളാണ് രാജ്യതലസ്ഥാനത്ത് ആദ്യം പ്രതിഷേധിച്ചത്. ഇവരുടെ പ്രതിഷേധത്തെ ദില്ലി പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെ, സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രാധാന്യം വിളിച്ചോതി വിദ്യാര്‍ഥികള്‍ ദില്ലി പൊലീസിന് പൂക്കള്‍ സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ഥികള്‍ക്ക് പൂക്കള്‍ സമ്മാനിച്ച് ദില്ലി പൊലീസ് അതേ മാതൃക പിന്തുടര്‍ന്നിരിക്കുകയാണ്. 

click me!