തിസ് ഹസാരി സംഘര്‍ഷം: തീവെപ്പ് ആരംഭിച്ചത് വനിതാ അഭിഭാഷക; തെളിവുമായി ദില്ലി പൊലീസ്

By Web TeamFirst Published Jan 19, 2020, 9:35 PM IST
Highlights

കഴിഞ്ഞ നവംബറില്‍ രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ സംഘര്‍ഷത്തില്‍ പൊലീസ് വാഹനത്തിന് തീ കൊളുത്താന്‍ ആരംഭിച്ച വനിതാ അഭിഭാഷകയെ തിരിച്ചറിഞ്ഞെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് അനുസരിക്കേണ്ടത് മൂലം ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് ദില്ലി പൊലീസ്

ദില്ലി: തിസ് ഹസാരി കോടതിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് വാഹനത്തിന് തീവെപ്പിന് തുടക്കം കുറിച്ചത് വനിതാ അഭിഭാഷകയെന്ന് ദില്ലി പൊലീസ്. കഴിഞ്ഞ നവംബറില്‍ രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ സംഘര്‍ഷത്തില്‍ പൊലീസ് വാഹനത്തിന് തീ കൊളുത്താന്‍ ആരംഭിച്ച വനിതാ അഭിഭാഷകയെ തിരിച്ചറിഞ്ഞെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് അനുസരിക്കേണ്ടത് മൂലം ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ച ശേഷമാണ് കൊള്ളിവയ്പിന് തുടക്കം കുറിച്ച ആളെ തിരിച്ചറിഞ്ഞത്. തിസ് ഹസാരി കോടതി പരിസരത്ത് പാര്‍ക്ക് ചെയ്ത പൊലീസ് ബൈക്കുകള്‍ക്ക് അഭിഭാഷക തീ വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് ദില്ലി പൊലീസ് അവകാശപ്പെട്ടു. വൈകുന്നേരം 4.14ഓടെയാണ് തീ വയ്പ് ആരംഭിച്ചത്. മറ്റ് അഭിഭാഷകര്‍ ഈ അഭിഭാഷകയ്ക്ക് കൂട്ട് നിന്നെന്നും ദില്ലി പൊലീസ് ആരോപിക്കുന്നു. 4.19ഓടെ ചാക്കില്‍ കല്ലുകള്‍ നിറച്ച് അഭിഭാഷകന്‍ എത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ക്ഷുഭിതരായ ആളുകളോട് പിരിഞ്ഞ് പോകാന്‍ കൈകള്‍ കൂപ്പി ആവശ്യപ്പെടുന്നതിന്‍റെ ദൃശ്യങ്ങളും സിസിടിവിയില്‍ നിന്ന് ലഭിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

2019 നവംബർ 2 -ന് തിസ് ഹസാരി കോടതിയിൽ നടന്ന ഒരു പാർക്കിങ് തർക്കത്തിൽ നിന്നാണ് സംഘര്‍ഷം ആരംഭിച്ചത്. കോടതിയിലെ ലോക്കപ്പിന് പുറത്തുകിടന്ന ഒരു ജീപ്പ് മാറ്റാൻ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോൺസ്റ്റബിൾ പ്രദീപ് കുമാർ അതിന്റെ ഉടമയോട് ആവശ്യപ്പെടുന്നു. കോടതിയിലെ അഭിഭാഷകനായ സാഗർ ശർമയുടേതായിരുന്നു ആ ജീപ്പ്. സാഗറും, സുഹൃത്തായ ലളിതും, മറ്റു ചിലരും കൂടി കോടതിയിൽ ഒരു കേസിന്റെ ഹിയറിങ്ങിന് വന്നതായിരുന്നു. എന്തായാലും പാർക്കിങ്ങിന്റെ പേരിൽ തുടങ്ങിയ ആ തർക്കം ഒടുവിൽ കയ്യാങ്കളിയിൽ അവസാനിച്ചു. കൂടുതൽ പോലീസുകാർ സ്ഥലത്തെത്തി സാഗർ ശർമയേയും കൂട്ടരെയും ലോക്കപ്പിലടച്ചു. ഒടുവിൽ എസിപി ഇടപെട്ട് അവരെ വിട്ടയച്ചു. എന്നാൽ, കൂടുതൽ സഹപ്രവർത്തകരുമായി സംഘടിച്ച് തിരിച്ചെത്തിയ അഭിഭാഷകർ സ്റ്റേഷൻ ഇൻ ചാർജായി ഇൻസ്പെക്ടറെയും, വിവരമറിഞ്ഞെത്തിയ നോർത്ത് ഡിസിപി ഹരീന്ദർ സിങ്ങിനെയും കയ്യേറ്റം ചെയ്തു.

സിസിടിവിയിൽ ഈ സംഘർഷങ്ങളെല്ലാം പകർത്തപ്പെട്ടു. പൊലീസും അഭിഭാഷകരും തമ്മിലുള്ള അടിപിടി നടന്നുകൊണ്ടിരിക്കെ ലോക്കപ്പിൽ പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ തന്റെ തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ നടത്തിയ വെടിവെപ്പിൽ പക്ഷെ, അഭിഭാഷകരിൽ ഒരാൾക്ക് വെടിയേറ്റു. അതോടെ കൂടുതൽ പ്രക്ഷുബ്‌ധരായ അഭിഭാഷകരിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഡിസിപി ഹരീന്ദർ സിങ്ങ്  തന്റെ പോലീസുകാരെയും കൂട്ടി ലോക്കപ്പിനുള്ളിൽ കേറി പൂട്ടിയിട്ടു. സഹപ്രവർത്തകന് വെടിയേറ്റതോടെ അക്രമാസക്തരായ അഭിഭാഷകർ പൊലീസ് സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന രണ്ടു ബൈക്കുകൾക്കും രണ്ടു ഡസൻ കാറുകൾക്കും പൊലീസ് വാനിനും തീവെച്ചു. അതിൽ നിന്നുയർന്നുവന്ന പുക ലോക്കപ്പിൽ നിറയാൻ തുടങ്ങി. ലോക്കപ്പിനുള്ളിൽ 150  പേർ കസ്റ്റഡിയിലും ഉണ്ടായിരുന്നു. അതിനുള്ളിൽ ഉള്ളവർക്ക് വീർപ്പുമുട്ടുന്ന അവസ്ഥ വന്നു. വൈകുന്നേരത്തോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിച്ചാർജ് നടത്തി അഭിഭാഷകരിൽ നിന്ന് പൊലീസുകാരെ രക്ഷിച്ചു.
 
അടുത്ത  വിഷയം ദില്ലി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ പക്ഷേ, കോടതി വളരെ വ്യക്തമായ രീതിയിൽ അഭിഭാഷകരോട് ചായ്‌വ് കാണിച്ചു. പൊലീസുകാരെ പ്രതിയാക്കി കേസുകൾ ഫയൽ ചെയ്തു. അഭിഭാഷകർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ട പൊലീസുകാരെ കോടതി സ്ഥലംമാറ്റി. വ്യക്തമായ സിസിടിവി തെളിവുകൾ ഉൾപ്പെടുത്തിയ പൊലീസ് എഫ്ഐആറുകൾ സമക്ഷത്തുവന്നിട്ടും അഭിഭാഷകർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി വിസമ്മതിച്ചു.

ഈ അനിഷ്ട സംഭവത്തിനിടെ, ഇരുപതോളം പോലീസുകാർക്ക് അഭിഭാഷകരുടെ മർദ്ദനത്തിൽ പരിക്കേറ്റതും, അതിനുശേഷം മർദ്ദനത്തിന്റെ ദൃശ്യങ്ങൾ വൈറലായതും പൊലീസിന് ക്ഷീണമായി. പിന്നീട്, കേസ് കോടതിയിലെത്തിയപ്പോൾ കോടതി അഭിഭാഷകരെ പിന്തുണച്ചതും, ഇതൊക്കെ നടക്കുമ്പോൾ കേന്ദ്ര ആഭ്യന്തരവകുപ്പ് തികഞ്ഞ നിഷ്ക്രിയത്വം പാലിച്ചതുമാണ് പൊലീസ് തുറന്ന സമരത്തിന്റെ പാതയിലേക്ക് ഇറങ്ങാൻ ഇടയാക്കിയത്. അഭിഭാഷകർക്കെതിരെ നടപടി എടുക്കണം എന്നതുമാത്രമല്ല അവരുടെ ആവശ്യം, കിരൺ ബേദിയെപ്പോലെ തങ്ങളെ സംരക്ഷിക്കാൻ പോന്ന ഒരു മേലധികാരി വേണം എന്ന രീതിയിലുള്ള മുദ്രാവാക്യങ്ങൾ വരെ പൊലീസ് സ്റ്റാഫിന്റെ സമരത്തിൽ ഉയർന്നുകേട്ടു. പൊലീസുകാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ഡിസിപി ഹരീന്ദർ സിംഗിനെ സ്ഥലം മാറ്റണം  ഒപ്പം, പൊലീസുകാർക്കെതിരെ ഈ വിഷയത്തിൽ ചാർജ് ചെയ്യപ്പെട്ട കേസുകൾ റദ്ദാക്കണം എന്നതും പൊലീസുകാര്‍ സമരത്തില്‍ ആവശ്യപ്പെട്ടിരുന്നു.  

സംഘർഷത്തിൽ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു. സംഘർഷം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ക്രമസമാധാന ചുമതലയുള്ള രണ്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ദില്ലി ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സ്ഥലം മാറ്റം. നോർത്ത് ലോ ആൻഡ്‌ ഓർഡർ സ്പെഷ്യൽ കമ്മീഷണർ സഞ്ജയ്‌ സിംഗിനെ ട്രാൻസ്‌പോർട് കമ്മീഷണറായും നോർത്ത് അഡിഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഹരിന്ദർ കുമാർ സിംഗിനെ റെയിൽവേ ഡിസിപി ആയുമാണം സ്ഥലം മാറ്റിയത്. സംഘർഷത്തിൽ 8 അഭിഭാഷകർക്കും 20 പൊലീസുകാർക്കും പരിക്കേറ്റിരുന്നു. 
 

click me!