
ന്യൂഡല്‍ഹി: ഗതാഗത നിയമലംഘനം ആരോപിച്ച് വിദേശ പൗരനില്‍ നിന്ന് 5000 രൂപ വാങ്ങിയ പൊലീസുകാരന് സസ്‍പെന്‍ഷന്‍. രസീത് നല്‍കാതെ പണം വാങ്ങിയതിനാണ് നടപടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഞ്ചാരി തന്റെ യുട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
'ഇന്ത്യയില്‍ നിങ്ങള്‍ ഒരു കാര്‍ ഓടിക്കാന്‍ പാടില്ലാത്തതിന്റെ കാരണങ്ങള്‍' എന്ന തലക്കെട്ടിയാണ് കൊറിയന്‍ സ്വദേശി വീഡിയോ പോസ്റ്റ് ചെയ്തത്. ഡല്‍ഹി ട്രാഫിക് പൊലീസിലെ മഹേഷ് ചന്ദ് എന്ന ഉദ്യോഗസ്ഥനാണ് വീഡിയോ ക്ലിപ്പിലുള്ളത്. ഇയാള്‍ ഗതാഗത നിയമ ലംഘനത്തിന് 5000 രൂപ പിഴ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. കൊറിയന്‍ പൗരന്‍ ആദ്യം 500 രൂപ നല്‍കാന്‍ ശ്രമിക്കുന്നതും എന്നാല്‍ പൊലീസുകാരന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 5000 രൂപ തന്നെ നല്‍കുന്നതും വീഡിയോയിലുണ്ട്. പണം വാങ്ങി വിദേശിക്ക് കൈകൊടുത്ത് പോകുന്ന പൊലീസുകാരന്‍ പക്ഷേ രസീതൊന്നും നല്‍കിയതുമില്ല.
കാറിന്റെ ഡാഷ്ബോഡില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇയാള്‍ അപ്‍ലോഡ് ചെയ്തതിന് പിന്നാലെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത് പ്രചരിച്ചു. ജനങ്ങളില്‍ നിന്നുള്ള വ്യാപക പ്രതിഷേധത്തിന് ഇത് കാരണമായി. പൊലീസുകാരനില്‍ നിന്ന് ഇരട്ടി പണം വാങ്ങി വിദേശിക്ക് നല്‍കണമെന്നും രാജ്യത്തെ തന്നെ പൊലീസുകാരന്‍ അപമാനിച്ചുവെന്നുമൊക്കെ ആളുകള്‍ കമന്റ് ചെയ്തു.
വീഡിയോയില്‍ കാണുന്ന പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി ഡല്‍ഹി ട്രാഫിക് പൊലീസ് അറിയിച്ചു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് തങ്ങള്‍ക്കുള്ളതെന്നും പൊലീസ് ട്വീറ്റ് ചെയ്തു. താന്‍ രസീത് നല്‍കാന്‍ തുടങ്ങുമ്പോഴേക്ക് വാഹനം വിട്ടുപോയിരുന്നു എന്നാണ് പൊലീസുകാരന്റെ വാദം. എന്നാല്‍ രസീത് നല്‍കാനുള്ള ഒരു ഉദ്ദേശവും പൊലീസുകാരന് ഇല്ലെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Read also: വീട്ടമ്മയായി 13 വർഷത്തെ പരിചയം; സോഷ്യൽ മീഡിയയിൽ ചർച്ചയായി യുവതിയുടെ സിവി !
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam