യുപി ഭവന്‍ ഉപരോധം: ദില്ലിയില്‍ വന്‍ പൊലീസ് സന്നാഹം

Asianet Malayalam   | Asianet News
Published : Dec 27, 2019, 12:18 PM ISTUpdated : Dec 27, 2019, 12:30 PM IST
യുപി ഭവന്‍ ഉപരോധം: ദില്ലിയില്‍ വന്‍ പൊലീസ് സന്നാഹം

Synopsis

ദില്ലിയില്‍ നടക്കുന്ന ഉപരോധങ്ങളും സമരങ്ങളും സുരക്ഷിത സ്ഥലത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാധ്യമങ്ങളോട് ദില്ലി പൊലീസ് ആവശ്യപ്പെട്ടു. 

ദില്ലി: സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ദില്ലിയില്‍ വന്‍ പൊലീസ് സന്നാഹം. വെള്ളിയാഴ്ച നടക്കുന്ന യുപി ഭവന്‍ ഉപരോധത്തിന്‍റെ പശ്ചാത്തലത്തിലാണ് ദില്ലി പൊലീസ് സുരക്ഷ കര്‍ശനമാക്കിയത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അടക്കമുള്ള സംഘടനകള്‍ ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തില്‍ പങ്കുചേരാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം ഇന്ന് ദില്ലിയില്‍ നടക്കുന്ന ഉപരോധങ്ങളും സമരങ്ങളും സുരക്ഷിത സ്ഥലത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാധ്യമങ്ങളോട് ദില്ലി പൊലീസ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ പൊലീസ് നടപടി ഉണ്ടായാൽ ദയവായി സമീപത്ത് നിന്ന് റിപ്പോർട്ടിംഗ് നടത്തരുതെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും പൊലീസുമായി സഹകരിക്കണമെന്നും അവര്‍ ആഭ്യർത്ഥിച്ചു. കഴിഞ്ഞ ആഴ്ചയിലെ പൊലീസ് നടപടിയിൽ മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ആഭ്യർത്ഥന.

പ്രതിഷേധക്കാരെ നാല് സ്ഥലങ്ങളിൽ തടയാനാണ് പൊലീസ് പദ്ധതി. ധരം മാർഗ്, പഞ്ച ഷീൽ മാർഗ്, പട്ടേൽ മാർഗ് ഉൾപ്പെടെ സ്ഥലങ്ങളിൽ പ്രതിഷേധക്കാരെ തടയും . യു പി ഭവന്റെ 200 മീറ്റർ ചുറ്റളവിൽ പ്രതിഷേധക്കാരെ കടത്തിവിടേണ്ടെന്നും പൊലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പ്രതിഷേധത്തിനെത്തുന്നവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യും. 

പ്രശസ്തമായ ദില്ലി ജുമാ മസ്ജിദില്‍ ഇന്ന് വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ ശേഷം പ്രതിഷേധം നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അവിടെയും വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധമുണ്ടായാല്‍ ശക്തമായി നേരിടുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ ആ പ്രദേശത്തും പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. 

മുന്‍കരുതലെന്ന നിലയില്‍ സീലംപൂർ, ജാഫ്രാബാദ്, മുസ്ത്ഥാബാദ് എന്നിവിടങ്ങളിൽ ദില്ലി പൊലീസ് ഫ്ലാഗ് മാർച്ച് നടത്തും.  അധികമായി 15 കമ്പനി അർധസൈനികരെ നഗരത്തിൽ വിന്യസിക്കും. ഇതിനായി  അർധസൈനികരെ ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു തുടങ്ങി. ഡ്രോൺ ഉപയോഗിച്ച് നീരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

നഗരത്തിലെ പ്രശ്നസാധ്യതമേഖലകളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും  അഭ്യൂഹങ്ങള്‍ ആരും മുഖവിലയ്ക്ക് എടുക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സമൂഹമാധ്യമങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വലച്ച് പുകമഞ്ഞ്: യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരണം നാലായി, ദില്ലിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനാക്കി
50 കോടിയുടെ സൈബര്‍ തട്ടിപ്പ്: സൂത്രധാരൻ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ബുർഹാരി ,മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖും ദില്ലിയില്‍ പിടിയിൽ