പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തു; കൊച്ചിയില്‍ വിദേശവനിതയോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം

By Web TeamFirst Published Dec 27, 2019, 11:39 AM IST
Highlights

കൊച്ചിയില്‍ പ്രതിഷേധ റാലിയിൽ പങ്കെടുത്ത നോർവീജിയൻ വനിതയോട് ഇന്ത്യ വിട്ടു പോകാൻ അധികൃതരുടെ നിർദ്ദേശം.

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുത്ത നോർവീജിയൻ വനിതയോട് ഇന്ത്യ വിട്ടു പോകാൻ അധികൃതരുടെ നിർദ്ദേശം. യഥേ ജോഹാൻസൺ എന്ന വിദേശ വനിതയോടാണ് റാലിയിൽ പങ്കെടുത്തതിന് ഇന്ത്യവിട്ട് പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. വിസ ചട്ടങ്ങൾ ലംഘിച്ചെന്ന് കാണിച്ചാണ് നടപടി. ഇവരെ ഇന്നലെ എഫ്ആര്‍ആര്‍ഒ  വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. 

കഴിഞ്ഞ 13 നായിരുന്നു കലാസാസ്ക്കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പ്രതിഷേധ റാലി കൊച്ചിയില്‍ സംഘടിപ്പിച്ചത്.  തന്‍റെ ഫേസ്ബുക്കില്‍ ഇക്കാര്യം ജോഹാൻസൺ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് അധികൃതര്‍ വിളിച്ചുവരുത്തി ഇന്ത്യ വിട്ട് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 

ഇവര്‍ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയതെന്നും ഈ വിസയിലെത്തിയവര്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. അതില്‍ എത്രയും പെട്ടന്ന് തിരിച്ചുപോകണമെന്നും നിര്‍ദ്ദേശം നല്‍കി. ഇവര്‍ ഇന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്നാണ് വിവരം. 

"

click me!