
ദില്ലി: ദില്ലിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ സമാപനമാകും. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ആംആദ്മി പാർട്ടിയുമായി തുടക്കത്തിലുണ്ടായിരുന്ന വൻവ്യത്യാസം ധ്രുവീകരണത്തിലൂന്നിയുള്ള പ്രചാരണത്തിലൂടെ കുറച്ചെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
ഒട്ടും ആവേശമില്ലാതെ തുടങ്ങിയ ദില്ലി പ്രചാരണം അവസാനിക്കുന്നത് ധ്രുവീകരണത്തിലൂന്നിയുള്ള പ്രസ്താവനകളിലാണ്. ആം ആദ്മി പാർട്ടി വീണ്ടും തൂത്തുവാരുമെന്ന വിലയിരുത്തൽ പ്രചാരണത്തിന്‍റെ നിറം തുടക്കത്തിൽ കെടുത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ദില്ലി പ്രചാരണത്തിൽ നിന്ന് ശ്രദ്ധ മാറ്റിയിരുന്നു. ബിജെപി ക്യാമ്പിൽ ഒരാവേശവും തുടക്കത്തില്‍ ദൃശ്യമല്ലായിരുന്നു. എന്നാല്‍, ദില്ലിയുടെ തെരുവുകളെ അരവിന്ദ് കെജ്രിവാളിന്‍റെ റോഡ് ഷോകൾ ഇളക്കിമറിച്ചു. സ്കൂളും ആശുപത്രിയും സ്ത്രീകളുടെ ബസ് യാത്രയും ചർച്ചയായപ്പോൾ ബിജെപിക്ക് മറുപടി ഇല്ലായിരുന്നു.
പിന്നീട്, അമിത് ഷായും യോഗി ആദിത്യനാഥും അനുരാഗ് താക്കൂറും തെരുവിലിറങ്ങി ബിജെപിയുടെ അജണ്ടയിലേക്ക് ചർച്ച തിരിച്ച് കൊണ്ടുവന്നു. ഒടുവിൽ ഷഹീൻബാഗും ബട്ലഹൗസും പരാമർശിച്ച് മോദിയും പ്രചാരണ രംഗത്തെത്തി. തന്നെ ഭീകരവാദിയെന്ന് ബിജെപി എംപി വിളിച്ചത് ആയുധമാക്കി ഇരവാദവുമായാണ് കെജ്രിവാളിന്‍റെ പ്രതിരോധം. ബിജെപി അണികൾക്ക് അവസാനവട്ട പ്രചാരണം ആവേശമുണ്ടാക്കിയിട്ടുണ്ട്. 32 ശതമാനം ഉറച്ചവോട്ടുള്ള ബിജെപി നാലഞ്ച് ശതമാനം വോട്ട് കഴിഞ്ഞ അഞ്ച് ദിവസത്തിൽ കൂട്ടിച്ചേർത്തെന്ന് കരുതുന്നു. എന്നാൽ, അതിനപ്പുറമുള്ള അട്ടിമറിയുടെ സൂചന ഇപ്പോഴും പ്രകടമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam