
ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധസമരങ്ങളിൽ ഇന്നും ദില്ലി സംഘർഷഭരിതം. തെരുവിലിറങ്ങിയ സിജെപി, ഇടത് യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കാൻ തുടങ്ങിയതോടെയാണ് സംഘർഷ സാഹചര്യമുണ്ടായത്. കൊണാട്ട് പ്ലേസിൽ സിജെപി, എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ് സംഘടനകൾ പ്രതിഷേധിച്ചു. ഇവരെ പൊലീസ് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് എം സജിക്ക് സമരത്തിനിടെ പരിക്ക് പറ്റി. ആദർശിൻ്റെ നെറ്റി പൊട്ടി പരിക്ക് പറ്റിയെന്നാണ് വിവരം. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്കിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധിച്ച ജോണ്‍ ബ്രിട്ടാസ് എംപിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രിട്ടാസിനെ ബലംപ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റി. വഴിയിൽ ഇറക്കിവിട്ടു. പൊലീസ് വാഹനത്തിൽ വെച്ച് മർദ്ദനമേറ്റതായി ബ്രിട്ടാസ് പ്രതികരിച്ചു. പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെയും തടയാൻ ശ്രമമുണ്ടായി.
അതേസമയം, ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നാളെ മുതല്‍ വീണ്ടും ശക്തമാക്കാന്‍ ഇന്ത്യാ സഖ്യം. സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തി നിവേദനം നല്‍കാനാണ് ആലോചന. സിജെപിയുടെ സമരം അനിശ്ചിതത്വത്തിലായതോടെ പ്രതിഷേധത്തില്‍ മേല്‍ക്കോയ്മ നിലനിര്‍ത്താനാകും ഇനിയുള്ള പ്രതിപക്ഷ ശ്രമം. സിജെപിക്കൊപ്പവും ഇന്ത്യ സഖ്യത്തിനൊപ്പവും പ്രതിഷേധ നിരയിലുണ്ടാകുമെന്ന് സിപിഎം വ്യക്തമാക്കി.
അകാശവാണി ഭവന്‍ വളപ്പിലെ മിന്നല്‍ സമരം, ലഞ്ച് മീറ്റിംഗുകള്‍ക്ക് ശേഷം ജന്തര്‍മന്തറിലേക്ക് നടത്തിയ പ്രതിഷേധവും, രാജ് ഘട്ടില്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗം, രാഷ്ട്രപതിക്ക് നിവേദനം. ശേഷം അടുത്ത ഘട്ടം സമരത്തിലേക്ക് ഇന്ത്യ സഖ്യം കടക്കുകയാണ്. നാളെ ഉച്ചക്ക് ഒരു മണിക്കാണ് യോഗം. ലഞ്ച് മീറ്റിംഗികാനാണ് സാധ്യത. തുടര്‍ന്ന് സുപ്രീംകോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് നീക്കം. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനും നല്‍കിയതിനൊപ്പം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടും സമാന ആവശ്യം ഉന്നയിക്കാനാണ് നീക്കം. അനുമതി കിട്ടുമയോന്നതില്‍ വ്യക്തതയില്ല. എങ്കിലും നഗരം സ്തംഭിപ്പിച്ച് പ്രതിഷേധിക്കും. രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും, ഗ്യാനേഷ് കുമാര്‍ രാജി വച്ചേ പിന്നോട്ടുള്ളൂവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
സിജെപി സമരത്തേോട് ഐക്യാദാര്‍ഡ്യം വേണ്ടെന്ന ധാരണ ഇന്ത്യ സഖ്യം യോഗത്തിലുണ്ടായെങ്കിലും, സിപിഎം തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ ഇന്നലെ സിജെപിക്ക് മുന്‍ മുഖ്യമന്ത്രിമാരെയിറക്കി പിന്തുണ അറിയിച്ച് പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് നിലപാട് തള്ളുന്ന സിപിഎം സിജെപിക്കും ഇന്ത്യ സഖ്യത്തിനുമൊപ്പമെന്ന തന്ത്രപരമായ നിലപാടാണെടുക്കുന്നത്.
അതേ സമയം സിജെപി സമരത്തിന് സര്‍ക്കാര്‍ പ്രതിരോധമേര്‍പ്പെടുത്തിയതോടെ ആ ഇടം കൂടി ഉപയോഗിക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ നീക്കം. സിജെപി സമരം പ്രതിപക്ഷ സമരത്തെ ദുര്‍ബലപ്പെടുത്താനാണെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. സിജെപിയുടെ പേര് പറയാതെ രാഹുല്‍ ഗാന്ധി ഒരു ഒഴുക്കന്‍ പിന്തുണയറിയിച്ചതല്ലാതെ സമരത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കാര്യമായ വിമര്‍ശനം കോണ്‍ഗ്രസടക്കം പാര്‍ട്ടികളില്‍ നിന്നുണ്ടാകുന്നുമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam