
ദില്ലി: ചെങ്കോട്ട ആക്രമണത്തിന് മുൻപായി ചാവേർ ആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ടുള്ള ഡോ. ഉമർ നബിയുടെ വീഡിയോ പുറത്ത്. ചാവേറാക്രമണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയമാണെന്നും യഥാര്‍ഥത്തില്‍ ചാവേറാക്രമണം ഒരു രക്തസാക്ഷിത്വ പ്രവൃത്തിയാണെന്നുമാണ് ഉമര്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്. ടെലഗ്രാം ഗ്രൂപ്പുകളിലാണ് വീഡിയോ വന്നത്.
ചാവേര്‍ ആക്രമണത്തെക്കുറിച്ച് നിരവധി വാദങ്ങളുണ്ടെന്ന് ഡോ. ഉമര്‍ വീഡിയോയില്‍ പറയുന്നു. ഒരു പ്രത്യേക സ്ഥലത്തു വെച്ച് ഒരു പ്രത്യേക സമയത്ത് താന്‍ മരിക്കുമെന്ന് കരുതി ഒരു വ്യക്തി മരിക്കാന്‍ പോകുന്നതിനെയാണ് രക്തസാക്ഷിത്വം എന്ന് പറയുന്നതെന്നാണ് ഉമര്‍ വീഡിയോയില്‍ വിശദീകരിക്കുന്നു. നേരത്തെ തന്നെ ഇയാൾ ചാവേറാകാനുള്ള മാനസികാവസ്ഥയിൽ എത്തിയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. 'വൈറ്റ് കോളര്‍' ഭീകരവാദ സംഘത്തിലെ പ്രധാന കണ്ണിയായ ഡോ. ഉമര്‍, കൂടുതല്‍ പേരെ ഈ ആശയത്തിലേക്ക് ആകര്‍ഷിക്കാൻ ലക്ഷ്യമിട്ടാണ് വീഡിയോ ചിത്രീകരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.
ചെങ്കോട്ട സ്ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം എന്ന് റിപ്പോർട്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാനുള്ള ഗുഢാലോചന നടന്നെന്നാണ് വിവരം. ചാവേറായ ഉമർ ഷൂസിൽ ബോംബ് പൊട്ടിക്കാനുള്ള ട്രിഗർ ഘടിപ്പിച്ചിരുന്നോ എന്നും സംശയമുണ്ട്.
സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ അറസ്റ്റിലേക്ക് കടന്നിരിക്കുകയാണ് എൻഐഎ. ഇന്നലെ അറസ്റ്റിലായ കശ്മീർ സ്വദേശി ജസീർ ബീലാൽ വാണി ഡ്രോണിൽ രൂപമാറ്റം വരുത്തി ആക്രമണത്തിനുള്ള സാങ്കേതിക സഹായം നൽകിയെന്ന് എൻഐഎ വ്യക്തമാക്കുന്നു. അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിന് ഭീകര സംഘടനയായ ലഷ്കർ എ തയ്ബയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. നേരത്തെ അറസ്റ്റിലായ അമീർ റാഷിദ് അലിയെ കോടതി പത്ത് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഇയാളെ കാശ്മീരിൽ എത്തിച്ച് തെളിവ് ശേഖരിക്കും.