
ദില്ലി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി അറസ്റ്റിൽ. ഡോ. ഷഹീനുമായി ബന്ധമുള്ള ഫറൂഖിനാണ് ഹാപ്പൂരിൽ നിന്ന് പിടികൂടിയത്. കേസുമായി ഇയാൾക്കുള്ള ബന്ധം എന്താണെന്ന് ഏജൻസികൾ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഭീകരർക്കൊപ്പം തുർക്കിയിൽ പോയ മറ്റൊരു ഡോക്ടറെ കൂടെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കേസിൽ അറസ്റ്റിലായ ഡോക്ടർ ആദിലിന്‍റെ സഹോദരൻ മുസാഫിറിന്‍റെ നേതൃത്വത്തിലാണ് ഇവർ 2021ൽ തുർക്കിക്ക് പോയത്. ഭീകരർ സ്ഫോടകവസ്തു വാങ്ങിയ ഹരിയാനയിലെ നുഹുവിലും പരിശോധന നടന്നു. ചില വ്യാപാരികളെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. അൽ ഫലാഹ് സർവകലാശാലയിൽ നിന്ന് നാല് പേരെ കൂടി ചോദ്യം ചെയ്യാനായി ഏജൻസികൾ കൊണ്ടുപോയി.
ഇതിനിടെ ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയ ഭീകരൻ ഉമർ നബിക്കെതിരെ കടുത്ത നടപടിയാണ് ഇന്ന് ഉണ്ടായത്. ഉമറിന്‍റെ പുൽവാമയിലെ വീട് സുരക്ഷസേന പുലർച്ചെ ഐഇഡി ഉപയോഗിച്ച് പൂർണ്ണമായി തകർത്തു. ഇതിനിടെ നാക്ക് (എൻഎഎസി) കൗൺസിൽ യൂണിവേഴ്സിറ്റിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എ ഗ്രേഡ് സർട്ടിഫിക്കേഷനും അസാധുവാക്കി. സർവകലാശാലയിൽ ദേശാവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടും തടയാൻ കഴിയാതിരുന്നത് ഗുരുതര വീഴ്ച്ച എന്ന് കൗൺസിൽ വിലയിരുത്തുന്നത്.
ഇതിനിടെ, ഭീകരര്‍ക്കെതിരെ കടുത്ത നടപടിയെടുത്ത് ദേശീയ മെഡിക്കൽ കമ്മീഷൻ. അറസ്റ്റിലായ ഭീകരരുടെ എൻ എം സി രജിസ്ട്രേഷൻ റദ്ദാക്കി. യുഎപിഎ പ്രകാരം കേസെടുത്തതോടെയാണ് നടപടി. ഡോ. മുസഫര്‍ അഹമ്മദ്, ഡോ. അദീൽ അഹമ്മദ് റാത്തര്‍, ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. ഷഹീൻ സയിദ് എന്നിവരുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്.
ഇതിനിടെ, ചെങ്കോട്ട സ്ഫോടനം നടത്തിയ ഭീകരൻ ഉമര്‍ നബിയുടെ പുൽവാമയിലെ വീട് തകര്‍ത്ത സംഭവത്തിൽ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. വീടുകൾ പൊളിക്കുന്നത് കൊണ്ട് ഭീകരവാദം അവസാനിക്കുന്നില്ലെന്നും ഇത്തരം പ്രവർത്തികൾ രോഷം വർദ്ധിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളുവെന്നം ഇത്തരം തീരുമാനമെടുക്കുന്നവർ കുറച്ചുകൂടി കാര്യങ്ങൾ ആലോചിക്കണമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam