ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള മുൻ കരസേനാ മേധാവി എം എം നരവനെയുടെ വെളിപ്പെടുത്തലുകൾ ഉന്നയിച്ച് രാഹുൽ ഗാന്ധി സർക്കാരിനെതിരെ ആഞ്ഞടിച്ചു. രാഹുലിന്റെ ചോദ്യങ്ങളെ ഭരണപക്ഷം തടഞ്ഞതോടെ ലോക്സഭയിൽ ബഹളമായി

ദില്ലി: ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള മുൻ കരസേന തലവൻ ജനറൽ എം എം നരവനേയുടെ ഓർമക്കുറിപ്പുകൾ ഉന്നയിച്ച് സർക്കാറിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗിന്റെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ, രാഹുൽ ഇതുന്നയിക്കുന്നത് ഭരണപക്ഷം തടഞ്ഞത് ലോക്സഭയിൽ നാടകീയ രം​ഗങ്ങൾക്കിടയാക്കി. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയം പറയാതെ പിൻമാറില്ലെന്ന് രാഹുൽ കടുത്ത നിലപാടെടുത്തോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. വിഷയത്തിൽ രണ്ട് തവണ ലോക്സഭ നിർത്തിവച്ച ശേഷം മൂന്നാമത് പുനരാരംഭിച്ചപ്പോൾ പ്രധാനമന്ത്രി മോദിയും അമിത് ഷായും പങ്കെടുക്കാത്തതിൽ രാഹുൽ രൂക്ഷമായ പരിഹാസവും ഉന്നയിച്ചു. മോദിയും ഷായും സഭയിൽ നിന്ന് ഓടിയെന്ന് പരിഹസിച്ച രാഹുൽ, പ്രധാനമന്ത്രിയുടെ 55 ഇഞ്ച് ധൈര്യം എവിടെപ്പോയെന്നും ചോദിച്ചു. അതേസമയം രാഹുൽ സങ്കൽപകഥ മെനഞ്ഞ് സൈന്യത്തെ ഇകഴ്ത്തിക്കാട്ടുകയാണെന്ന് ബി ജെ പി വിമർശിച്ചു.

സംഭവ ബഹുലമായ ഒരു ലോക്സഭ ദിനം

ലോക്സഭയിൽ അടുത്തിടെ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ദിനമായിരുന്നു ഇന്ന്. രാഷ്ട്രപതിയുടെ പ്രസം​ഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ കോൺഗ്രസിന് രാജ്യസ്നേഹമില്ലെന്ന തരത്തിലുള്ള തേജസ്വി സൂര്യയുടെ പരാമർശങ്ങളാണ് എല്ലാത്തിനും തുടക്കം. തേജസ്വി സൂര്യക്ക് മറുപടി നൽകാൻ രാഹുൽ ​ഗാന്ധി എഴുന്നേറ്റത് തന്നെ ജനറൽ എം എം നരവനേയുടെ ഓർമ്മക്കറിപ്പുമായാണ്. പ്രതിപക്ഷം രാജ്യവിരോധികൾ എന്ന് ആരോപിക്കുന്നവർ നരവനേ എഴുതിയത് വായിക്കണം എന്നായിരുന്നു രാഹുൽ ​ഗാന്ധി ആഞ്ഞടിച്ചത്. 2020 ഓ​ഗസ്റ്റിൽ ലഡാക്കിലെ കൈലാഷ് മലനിരകളിൽ ചൈനീസ് കടന്നുകയറ്റ സമയത്ത് തനിക്ക് സർക്കാരിൽനിന്ന് കൃത്യമായി നിർദേശം കിട്ടിയില്ലെന്നും, പ്രധാനമന്ത്രിയോട് സംസാരിച്ച ശേഷം രാജ്നാഥ് സിം​ഗ് ഏറെ വൈകി തീരുമാനം സേനയ്ക്ക് വിട്ടു എന്നും നരവനേയുടെ പുസ്തകത്തിൽ പറയുന്നുവെന്ന റിപ്പോർട്ട് കാരവാൻ മാസിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇത് പച്ചക്കള്ളമാണെന്നും, നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി രാജ്നാഥ് സി​ഗും അമിത് ഷായും തുടർച്ചയായി രാഹുലിനെ തടസപ്പെടുത്തി. ഭരണപക്ഷം എന്തിന് ഭയക്കുന്നുവെന്ന് കെ സി വേണു​ഗോപാൽ ചോദിച്ചതോടെ സഭ പ്രക്ഷുബ്ധമായി. രാഹുലിനെ ഇക്കാര്യം സംസാരിക്കാൻ അനുവദിക്കണമെന്ന് അഖിലേഷ് യാദവും ആവശ്യപ്പെട്ടു. എന്നാൽ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽനിന്നും ഒന്നും ഉദ്ദരിക്കാൻ പാടില്ലെന്ന നിലപാടിൽ സ്പീക്കർ ഉറച്ചുനിന്നു. മൈക്ക് കിട്ടയപ്പോഴെല്ലാം തുടർച്ചയായി രാഹുൽ ​ഗാന്ധി ഇതുന്നയിക്കാൻ നോക്കി. ബഹളം കാരണം സഭ രണ്ട് തവണ നിർത്തിവച്ചശേഷം തുടങ്ങിയപ്പോഴും രാഹുൽ ഈ വിഷയം ഉന്നയിക്കാൻ ശ്രമിച്ചു. പ്രധാനമന്ത്രിയും അമിത് ഷായും സഭയിൽനിന്നും ഓടിപ്പോയെന്ന് രാഹുൽ പറഞ്ഞതും ബ​ഹളത്തിനിടയാക്കി. ആ സമയത്ത് ചെയറിലുണ്ടായിരുന്ന ജ​ഗദംബിക പാൽ സഭ ഇന്നത്തേക്ക് നിർത്തിവച്ചു. പിന്നീട് പുറത്തിറങ്ങിയ രാഹുൽ, പ്രധാനമന്ത്രിയുടെ 55 ഇഞ്ച് ധൈര്യം എവിടെപോയെന്നും ചോദിച്ചു. ഈ വിഷയം സജീവമാക്കി നിർത്താനാണ് കോൺഗ്രസ് തീരുമാനം. രാഹുലിനെ ഇക്കാര്യം ഉന്നയിക്കാൻ അനുവദിച്ചില്ലെങ്കിൽ സഭയിലെ മറ്റ് നടപടികൾ തടസപ്പെടുത്താനാണ് കോൺ​ഗ്രസ് നീക്കം.