
ദില്ലി: സംഘർഷഭരിതമായ ഒരു പകലിന് പിന്നാലെ ദില്ലി ശാന്തമാകുന്നു. നഗരത്തിൽ അക്രമ സംഭവങ്ങളുണ്ടായ ഇടങ്ങളിൽ നിന്നെല്ലാം കർഷകർ പിന്മാറി. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി സംഘർഷത്തിലേക്ക് വഴി മാറിയതിന് കാരണം ദില്ലി പൊലീസാണെന്നാണ് കർഷക സംഘടനകളുടെ ആരോപണം.
അനിഷ്ട സംഭവങ്ങളിൽ കർഷക സംഘടനകൾക്ക് പങ്കില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ആക്രമണം നടത്തിയത് ബാഹ്യശക്തികളും സാമൂഹ്യവിരുദ്ധരുമാണെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്നലത്തെ സംഭവങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും കർഷക സമരം ഒറ്റക്കെട്ടായി തുടരാനാണ് തീരുമാനം. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ സംഘടനകൾ ഇന്ന് യോഗം ചേരും.
അതിനിടെ ട്രാക്ടർ റാലിക്കിടെ നടന്ന അക്രമ സംഭവങ്ങളിൽ ദില്ലി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.
ഇന്നലെ നടന്ന സംഘർഷത്തിൽ ചെങ്കോട്ടയിൽ മാത്രം 41 പൊലീസുകാർക്ക് പരിക്കേറ്റുവെന്നാണ് ദില്ലി പൊലീസ് പറയുന്നത്. 45 പേർ ചികിത്സയിലുണ്ട്. 15000 കർഷകർ ദില്ലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നതായി പൊലീസ് പറയുന്നു. ഇവരെ തിരികെ വിളിക്കണമെന്ന് കർഷക സംഘടനകളോട് ദില്ലി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ദില്ലി സംഘർഷവുമായി ബന്ധപ്പെട്ട്, സമരക്കാർ പൊലീസിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യവും ഐടിഒയിൽ കർഷകന്റെ മരണത്തിന് കാരണമായതെന്ന് പൊലീസ് അവകാശപ്പെടുന്ന വീഡിയോ ദൃശ്യവും ദില്ലി പൊലീസ് തന്നെ പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam