ദില്ലി സംഭവത്തിൽ രാജ്യവും കോൺ​ഗ്രസ് പാർട്ടിയും വേദനിക്കുന്നുവെന്ന് രൺദീപ് സിം​ഗ് സുർജ്ജേവാല

By Web TeamFirst Published Jan 26, 2021, 10:15 PM IST
Highlights

രാജ്യത്തെ ആശയക്കുഴപ്പത്തിലാക്കുകയും കർഷകരുടെ ശ്രദ്ധ തിരിക്കുകയും ചെയ്യുന്നത് ശരിയായ നടപടിയാണോ എന്നും സുർജ്ജേവാല..

ദില്ലി: ദില്ലിയിൽ നടന്ന ആക്രമണത്തിലും അനിയന്ത്രിതമായ നടപടിയിലും അങ്ങേയറ്റം വേ​ദനിക്കുകയാണ് രാജ്യം മുഴുവനും കോൺ​ഗ്രസ് പാർട്ടിയുമെന്ന് കോൺ​ഗ്രസ് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിം​ഗ് സുർജേവാല. ജനാധിപത്യത്തിൽ ഇത്തരം സംഭവങ്ങൾക്ക് സ്ഥാനമില്ല. പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളുടെ വ്യക്തമായ പ്രസ്താവന അസ്വീകാര്യമായ സംഭവങ്ങളിൽ നിന്ന് സ്വയം അകന്നുനിൽക്കാൻ പോന്നതാണ്.  പ്രതിഷേധകർ തങ്ങളുടെ ലക്ഷ്യം എപ്പോഴും മനസ്സിൽ സൂക്ഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

അഹിംസയും സമാധാനവുമാണ് ഈ കർഷക പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ ശക്തി. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ദരിദ്രരുടെയും ഈ സഖ്യം മൂന്ന് കാർഷിക വിരുദ്ധ നിയമങ്ങളും റദ്ദാക്കുന്നതിനുള്ള സമാധാനപരവും അഹിംസാത്മകവുമായ പോരാട്ടം തുടരുമെന്ന്  ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുവെന്നും സുർജ്ജേവാല പറഞ്ഞു. ജനങ്ങളും ഭരണകൂടവും തമ്മിൽ 61 ദിവസമായി തുടരുന്ന മുഖാമുഖം ഇന്ത്യയുടെ ജനാധിപത്യത്തിന് നല്ലതല്ലെന്ന് കോൺഗ്രസ് പാർട്ടി വിശ്വസിക്കുന്നു. 

ചർച്ചകൾക്ക് കർഷകരെ വിളിക്കുന്നതും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയോ പ്രതിസന്ധി പരിഹരിക്കുന്നതിന് ശക്തമായ നടപടികളെടുക്കുകയോ ചെയ്യാത്തതും ശരിയായ സമീപനമാണോ എന്ന് പ്രധാനമന്ത്രിയും ബിജെപി സർക്കാരും ആലോചിക്കേണ്ടതുണ്ട്. രാജ്യത്തെ ആശയക്കുഴപ്പത്തിലാക്കുകയും കർഷകരുടെ ശ്രദ്ധ തിരിക്കുകയും ചെയ്യുന്നത് ശരിയായ നടപടിയാണോ എന്നും സുർജ്ജേവാല ചോദിച്ചു. 

click me!