മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് അയവ്, ചെങ്കോട്ടയിൽ നിന്ന് സമരക്കാർ മടങ്ങി; കലാപത്തിന് കേസെടുക്കാൻ നീക്കം

Published : Jan 26, 2021, 11:36 PM IST
മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് അയവ്, ചെങ്കോട്ടയിൽ നിന്ന് സമരക്കാർ മടങ്ങി; കലാപത്തിന് കേസെടുക്കാൻ നീക്കം

Synopsis

സായുധരായ നിഗാംഗുകൾ സിംഘു അതിർത്തിയിൽ പൊലീസിനെ ആക്രമിച്ചെന്നാണ് ദില്ലി പൊലീസ് റിപ്പോർട്ട്. മൂൻകൂട്ടി  നിശ്ചയിച്ച ഉപാധി തെറ്റിച്ച് സമരക്കാർ ഐടിഒയിൽ എത്തി

ദില്ലി: രാജ്യതലസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ അനിശ്ചിതാവസ്ഥയ്ക്ക് മണിക്കൂറുകൾക്ക് ശേഷം അയവുവന്നു. സമരക്കാർ കൂട്ടംകൂടി നിന്ന ചെങ്കോട്ടയിൽ നിന്ന് പോലും ഇവർ പിൻവാങ്ങി. കേന്ദ്രസേനയെ അടക്കം രംഗത്തിറക്കി ദില്ലിയിലെ സമാധാനം പുനസ്ഥാപിച്ചു. നിഹാംഗുകൾ സിംഘു അതിർത്തിയിൽ ആക്രമിച്ചെന്നാണ് ഏറ്റവും ഒടുവിൽ വന്ന പൊലീസ് റിപ്പോർട്ട്. ഗുരുതര വകുപ്പുകൾ ചുമത്തി സമരക്കാർക്ക് എതിരെ കേസെടുക്കാനാണ് പൊലീസ് നീക്കം.

സായുധരായ നിഗാംഗുകൾ സിംഘു അതിർത്തിയിൽ പൊലീസിനെ ആക്രമിച്ചെന്നാണ് ദില്ലി പൊലീസ് റിപ്പോർട്ട്. മൂൻകൂട്ടി  നിശ്ചയിച്ച ഉപാധി തെറ്റിച്ച് സമരക്കാർ ഐടിഒയിൽ എത്തി. പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൽ ശ്രമിച്ചു. ഏഴിടത്ത് സംഘർഷം നടന്നു. ന്യൂ ദില്ലിയിലേക്ക് കയറാൻ ഒരു സംഘം ശ്രമിച്ചു. നിലവിലെ സാഹചര്യം അതീവ ഗൗരവതരമായി നിരീക്ഷിച്ച് വരികയാണെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.

ചെങ്കോട്ടയുടെ ഗേറ്റുകൾ തകർത്ത് അകത്ത് കയറി സംഘർഷമുണ്ടാക്കിയെന്നാണ് സമരക്കാർക്കെതിരായ കുറ്റം. ഏറെ പാടുപെട്ടാണ് ചെങ്കോട്ടയിൽ സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. പ്രതിഷേധക്കാർക്കെതിരെ കലാപത്തിനും, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ എന്നിവയടക്കം ഗുരുതര വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെ തുടര്‍ന്നുള്ള സംഘര്‍ഷത്തിൽ രാജ്യതലസ്ഥാനം ഇന്ന് യുദ്ധക്കളമായി മാറി. ഉച്ചക്ക് 12 മണിക്കേ റാലി തുടങ്ങൂ എന്നാണ് അറിയിച്ചിരുന്നതെങ്കിലും, അപ്രതീക്ഷിതമായി, റിപ്പബ്ലിക് ദിനാഘോഷം നടന്ന ദില്ലിയിലേക്ക് ട്രാക്ടറുകള്‍ കുതിച്ചെത്തി. ചെങ്കോട്ട വള‍ഞ്ഞ് സിഖ് പതാക ഉയര്‍ത്തിയ സമരക്കാര്‍ കേന്ദ്രസര്‍ക്കാരിനെയും വെല്ലുവിളിച്ചു. സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു. രാജ്യം റിപ്പബ്ലിക്‌ ദിനം ആഘോഷിക്കുമ്പോള്‍ സമാധാനപരമായി നടക്കുമെന്ന് പ്രതീക്ഷിച്ച ട്രാക്ടര്‍ റാലിയുടെ സ്വഭാവം മാറിയത് അപ്രതീക്ഷിതമായായിരുന്നു. 

രാവിലെ എട്ടരയോടെയാണ് സിംഘു അതിര്‍ത്തിയില്‍ ബാരിക്കേഡുകൾ ഭേദിച്ച് ട്രാക്ടറുകള്‍ ദില്ലിയിലെ ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയത്. പിന്നാലെ ഗാസിപ്പൂരിലും, തിക്രിയിലും സ്ഥിതി മാറി. പോലീസ് നിശ്ചയിച്ച റൂട്ടുകള്‍ക്ക് പകരം തങ്ങൾക്ക് തോന്നിയ വഴിയിൽ പ്രതിഷേധം ശക്തമാക്കി സമരക്കാര്‍ മുന്‍പോട്ട് നീങ്ങി. വഴിയടച്ചിട്ടിരുന്ന കണ്ടെയ്‌നറുകളും, കോണ്‍ക്രീറ്റ് ബ്ലോക്കുകളുമെല്ലാം തട്ടിതെറിപ്പിച്ച് ട്രാക്ടറുകള്‍ മുന്‍പോട്ട് നീങ്ങി. 

ഉച്ചക്ക് പന്ത്രണ്ടരയോടെ തന്ത്രപ്രധാന മേഖലയായ ഐടിഒയില്‍ ഗാസിപ്പൂരില്‍ നിന്നുള്ള ആദ്യസംഘമെത്തി. കണ്ണീര്‍ വാതകം പ്രയോഗിച്ച പോലീസിന് നേരെ സമരക്കാര്‍ ട്രാക്ടറുകള്‍ ഓടിച്ച് കയറ്റി. മൂന്ന് മണിവരെ രാജ്യ തലസ്ഥാനത്തെ മുള്‍മുനയില്‍ നിർത്തി പൊലീസും കര്‍ഷകരും ഏറ്റുമുട്ടി. ദില്ലി പോലീസിനൊപ്പം കേന്ദ്രസേനയും കര്‍ഷകരെ നേരിടാനെത്തി. സംഘർഷത്തിനിടെ ഉത്തരാഖണ്ഡില്‍ നിന്നുള്ള 26കാരനായ കര്‍ഷകന്‍ നവ്ദീപ് സിംഗ് ഐടിഒയില്‍ മരിച്ചു. പോലീസ് വെടിവച്ചതാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. പോലീസിന് നേരെ പാഞ്ഞടുക്കുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പിന്നാലെ ദില്ലി പോലീസ് പുറത്തു വിട്ടു.

ഇതേ സമയം സിംഘുവില്‍ നിന്നും തിക്രിയില്‍ നിന്നും എത്തിയ സംഘം ചെങ്കോട്ട വളഞ്ഞു. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ സമരക്കാര്‍ ആദ്യം സിഖ് പതാക ഉയര്‍ത്തി. പിന്നീട് പോലീസുമായി സംഘര്‍ഷം നടന്നു. ആദ്യം പോലീസ് വിരട്ടിയോടിച്ച സംഘം വീണ്ടുമെത്തി. രണ്ടാമതും ചില സമരക്കാര്‍ ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിന് മുകളിലെ പ്രധാന കൊടി മരത്തിലും സിഖ് പതാക ഉയര്‍ത്തി. 

മുൻകൂട്ടി നിശ്ചയിച്ചിരുന്ന റിപബ്ലിക് ദിനത്തിലെ ട്രാക്റ്റർ പരേഡിനായി വലിയ തയ്യാറെടുപ്പാണ് കർഷക സംഘടനകൾ നടത്തിയിരുന്നത്. എന്നാൽ ഇന്നത്തെ അക്രമ സംഭവങ്ങൾ സമരം ചെയ്യുന്ന കർഷക സംഘടനകളെയും ഞെട്ടിച്ചിരിക്കുകയാണ്. ഐടിഒയിലെ അക്രമത്തിനും ചെങ്കോട്ടയിലെ കാഴ്ച്ചകൾക്കും പിന്നാലെ സമരം ചെയ്യുന്ന 40 സംഘടനകൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. ട്രാക്റ്റർ പരേഡിനിടെയുള്ള സംഭവ വികാസങ്ങളെ അപലപിക്കുന്നു. ഈ അക്രമങ്ങളോട് യോജിക്കാനാവില്ലെന്നും ഇതിൽ നിന്ന് മാറി നിൽക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. 

ചില സംഘടനകളും വ്യക്തികളും നിശ്ചയിച്ച റൂട്ട് ലംഘിക്കുകയായിരുന്നു. സാമൂഹ്യ വിരുദ്ധർ ഇതുവരെ സമാധാനപരമായി നടന്ന സമരത്തിലേക്ക് നുഴഞ്ഞുകയറി. സമാധാനമാണ് വലിയ ശക്തി എന്നത് മറക്കരുത്. സമരം ഇത്രയും ദിവസമായി തുടരുന്നത് ഈ സാഹചര്യത്തിലേക്ക് നയിച്ചെന്നും പ്രസ്താവന പറയുന്നു. അക്രമം തടയാൻ നേതാക്കൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യർത്ഥന മുന്നോട്ട് വെക്കുകയും ചെയ്തു. നിയമങ്ങൾ മരവിപ്പിക്കാമെന്ന കേന്ദ്ര നിർദ്ദേശം അംഗീകരിക്കണമെന്ന് സമരത്തിലുള്ള 15 കർഷക സംഘടനകൾ നിലപാടെടുത്തിരുന്നു. ഇപ്പോഴത്തെ സംഭവ വികാസങ്ങൾ സംയുക്ത സമര സമിതിയിലെ ഭിന്നത മൂർച്ഛിക്കാനും ഇടയാക്കിയേക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ