ദില്ലി: വടക്കുകിഴക്കൻ ദില്ലിയിലെ വർഗീയകലാപം പലയിടത്തും ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കി, ഗോകുൽപുരിയിൽ ഇന്ന് വീണ്ടും അക്രമം. രണ്ട് ദിവസം മുമ്പ് രണ്ട് തവണ തീ വച്ച ഗോകുൽപുരിയിലെ ടയർമാർക്കറ്റ് ഇന്ന് വീണ്ടും അക്രമികൾ അഗ്നിക്ക് ഇരയാക്കി. തുടർച്ചയായ അക്രമങ്ങൾ നടന്ന ഇടമായിട്ടും, തീവെപ്പ് തുടങ്ങിയപ്പോൾ ഇവിടെ ഒരു പൊലീസുകാരൻ പോലുമുണ്ടായിരുന്നില്ല.
പിന്നീട് തീ ആളിപ്പടർന്നപ്പോൾ മാത്രമാണ് ഇവിടേക്ക് പൊലീസുദ്യോഗസ്ഥരും ഫയർഫോഴ്‍സും എത്തിയത്. കൃത്യമായ തരത്തിൽ ദില്ലി പൊലീസും കേന്ദ്രസേനയും തമ്മിൽ സംയുക്തമായി ഒരു പദ്ധതിയോടെ പ്രവർത്തിക്കുന്നില്ല എന്ന സംശയമുയർത്തുന്നതാണ് ഗോകുൽപുരിയിലെ ഈ തീവെപ്പ്.
ഗോകുൽപുരിയ്ക്ക് അടുത്തുള്ള ജഫ്രാബാദിലും മുസ്തഫാബാദിലും ചൊവ്വാഴ്ച അക്രമികൾ അഴിഞ്ഞാടിയ ഇടമാണ്. ഗോകുൽപുരിയിൽത്തന്നെയാണ് ഇന്നലെ രാവിലെ പൊലീസ് നോക്കി നിൽക്കേ വെടിവെപ്പ് നടന്നത്. ഒരു കുട്ടിയുൾപ്പടെ വെടിയേറ്റ് മണിക്കൂറുകളോളം ആരും നോക്കാനില്ലാതെ വഴിയരികിൽ കിടന്നത്.
ജഫ്രാബാദിലും മുസ്തഫാബാദിലും ഇന്ന് രാവിലെ കേന്ദ്രസേന എത്തിയിരുന്നു. ജഫ്രാബാദ് മെട്രോ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ഷഹീൻബാഗ് മോഡൽ സമരവുമായി ഇരുന്ന സ്ത്രീകളുൾപ്പടെയുള്ള സമരക്കാരെ കേന്ദ്രസേന ഒഴിപ്പിച്ചിരുന്നു.
അതേസമയം ജാഫ്രാബാദിൽ ഈ മേഖലയിലെ ആളുകളെല്ലാം കൂട്ടത്തോടെ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. പലരുടെയും വീടുകൾ തീവയ്ക്കപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും തൊട്ടടുത്ത സംസ്ഥാനങ്ങളിലെ ബന്ധുവീടുകളിലേക്ക് മാറ്റുകയാണ്. അതിനാൽത്തന്നെ, ഭീതിയോടെയാണ് ന്യൂനപക്ഷമേഖലകളിലുള്ളവരെല്ലാം കഴിയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam