നിറവയറിൽ കലാപകാരികൾ ചവിട്ടിയ ശബാന പ്രസവിച്ചു, കുഞ്ഞുജീവന് പേര് - ആസാദ്!

By Web TeamFirst Published Mar 1, 2020, 10:05 PM IST
Highlights

അയൽവീട്ടിലെ ഹിന്ദു കുടുംബം ഓടി വന്നതുകൊണ്ടാണ് ശബാന രക്ഷപ്പെട്ടത്. രാത്രി മുഴുവൻ ഉറങ്ങാതെ അയൽക്കാരായ സഞ്ജീവും ഭാര്യയും ശബാനയെയും കുടുംബത്തെയും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. രാത്രി മുഴുവൻ കാവലിരുന്നു. രാവിലെ ആശുപത്രിയിലെത്തിച്ചു. 

ദില്ലി: ''ജീവനോടെ രക്ഷപ്പെടുമെന്ന് വിചാരിച്ചില്ല. തിങ്കളാഴ്ച രാത്രിയോടെ അവര് വീട്ടിലേക്ക് കയറി വന്നു. നിലവിളിച്ചപ്പോൾ എന്നെ അടിച്ചു. വയറിൽ ചവിട്ടി. പുറത്തേക്ക് ഓടാൻ നോക്കിയപ്പോൾ കൊന്നു കളയുമെന്ന് പറഞ്ഞു'', ആശുപത്രിക്കിടക്കയിലും ശബാനയുടെ കണ്ണിൽ പേടിയൊഴിഞ്ഞിട്ടില്ല. 

അയല്‍ക്കാരനായ സഞ്ജീവ് ഓടിയെത്തിയില്ലായിരുന്നെങ്കില്‍ ശിവ് വിഹാറിലെ ശബാനയും കുടുംബവും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. നിറവയറോടെ പരിക്കുമായി ആശുപത്രിയിലെത്തിയ ശബാന ശനിയാഴ്ച പ്രസവിച്ചു. ആൺകുഞ്ഞാണ്. ആസാദെന്ന് കുഞ്ഞിന് പേരിടും ശബാന. ഒരു കലാപകാലത്ത് തന്‍റെ സ്വന്തം രാജ്യത്ത് ജനിച്ച, ഈ നാടിന്‍റെ പൗരത്വമുള്ള കുഞ്ഞ്. ആസാദ്. 

മരണത്തിന്‍റെ വക്കിൽ നിന്ന് തിരികെയെത്തിയ ജീവിതത്തെ ഭീതിയോടെ നോക്കുമ്പോഴും, കുഞ്ഞിനെ ചേർത്തുപിടിച്ച് ആശ്വസിക്കാന്‍ ശ്രമിക്കുകയാണ് ശബാന.

''ഞങ്ങളാകെ ഭയന്നു. നിലവിളിച്ചു. അവര് കൊല്ലാനാ വന്നത്. അപ്പോഴാ അടുത്ത വീട്ടിലെ അവര് ഓടിയെത്തിയത്. ഞങ്ങളുടെ ഹിന്ദു ഭായ്. അങ്ങേരാ ഞങ്ങളെ രക്ഷിച്ചത്'', എന്ന് ശബാനയുടെ ഭർതൃസഹോദരിയായ സെമ പർവീൻ പറയുന്നു.

സഞ്ജീവും കുടുംബവും എത്തിയത് കണ്ടതോടെ, കലാപകാരികൾ പിന്നോട്ടു വലിഞ്ഞു. കൊന്നുകളയും എന്ന് പിന്നെയും ഭീഷണി മുഴക്കി അവിടെ നിന്ന് പോയി.

പൊലീസിനെ വിളിച്ചിട്ട് അവർ തിരിഞ്ഞ് നോക്കിയില്ലെന്ന് പറയുന്നു സെമ. ''രക്ഷിച്ചത് ഹിന്ദുഭായി ആണ്. രാത്രി മുഴുവൻ പ്രശ്നങ്ങളായിരുന്നു. കലാപകാരികൾ എല്ലാം തകർത്തു. അവിടെ നിന്ന് അക്രമികൾ അടുത്തിടത്തേക്ക് പോയതോടെ ഞങ്ങളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി'', എന്ന് സെമ.

മര്‍ദ്ദനത്തില്‍ അവശയായി എത്തിയ ശബാനയും കുഞ്ഞും രക്ഷപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് ഈ ആശുപത്രിയിലെ നഴ്സായ റസിയ സിദ്ദിഖി പറയുന്നു.

''നിരവധിപ്പേർ പരിക്കേറ്റ് വന്നു അന്ന് രാത്രി. അവരോടൊപ്പമാണ് ശബാനയും വന്നത്. അവരുടെ സ്ഥിതി തീരെ മോശമായിരുന്നു. പ്രസവിക്കാനുള്ള ദിവസം അടുത്ത ഗർഭിണി. പോരാഞ്ഞ് ദേഹത്ത് പരിക്കുകളും'', എന്ന് റസിയ.

ആശുപത്രിയിൽ ആളുകൾ തിങ്ങി നിറഞ്ഞിരിക്കുകയായിരുന്നുവെന്ന് പറയുന്നു റസിയ. ഗുരുതരമായി പരിക്കേറ്റവരടക്കമുണ്ടായിരുന്നു. ആരോഗ്യപ്രവർത്തകർക്ക് അടക്കം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു അന്ന് രാത്രി. 

കലാപകാരികളുടെ തോക്കിന്‍ മുനയില്‍ നിന്ന് രക്ഷപ്പെട്ട ശബാനയുടെ ഭര്‍ത്താവിന് ഇനിയും കുഞ്ഞിനെ കാണാന്‍ കഴിഞ്ഞിട്ടില്ല. വീട് ഇല്ലാതായതോടെ കുടുംബത്തിലെ സ്ത്രികൾ ആശുപ്രത്രിയിലാണ് അഭയം തേടിയിരിക്കുന്നത്. കത്തിക്കരിഞ്ഞ വീട്ടിലേക്ക് അവരിനി പോയിട്ടും കാര്യമില്ല. വേറെ എവിടെപ്പോകും ഈ കുടുംബം? അറിയില്ല. 

click me!