
ദില്ലി: ദില്ലിയിലെ സ്കൂളുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി അയച്ച സംഭവത്തിലെ പ്രതികളെ പിടികൂടി പൊലീസ്. എന്നാൽ പിടിയിലായ പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കാതെ മുന്നറിയിപ്പ് നൽകി മാതാപിതാക്കളുടെ ഒപ്പം അയയ്ക്കുകയാണ് നൽകിയത്. കഴിഞ്ഞ ആഴ്ചയിൽ ദില്ലിയിലെ വിവിധ സ്കൂളുകളിലേക്ക് 72 മണിക്കൂറിനുള്ളിൽ പണം നൽകിയില്ലെങ്കിൽ ക്യാംപസിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ച പ്രതികളെ ഞായറാഴ്ചയാണ് പൊലീസ് മാതാപിതാക്കൾക്കൊപ്പം അയച്ചത്.
പരീക്ഷയ്ക്ക് പൂർണമായി തയ്യാറാകാത്ത രണ്ട് വിദ്യാർത്ഥികളാണ് കഴിഞ്ഞ ആഴ്ചയിൽ നിരവധി സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം അയച്ചത്. പരീക്ഷ നീട്ടി വയ്ക്കണമെന്ന ഉദ്ദേശത്തിലായിരുന്നു ഇവരുടെ ഭീഷണി. ദില്ലി പൊലീസിലെ സ്പെഷ്യൽ സെല്ലാണ് ഭീഷണി സന്ദേശം അയച്ച വിദ്യാർത്ഥികളെ കണ്ടെത്തിയത്. പൊലീസ് മേൽനോട്ടത്തിൽ കൌൺസിലിംഗിൽ ആണ് പരീക്ഷ തൽക്കാലത്തേക്ക് മാറ്റി വയ്ക്കാൻ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു ഭീഷണിയെന്ന് വ്യക്തമായത്. ഇതോടെയാണ് വിദ്യാർത്ഥികളെ പൊലീസ് മുന്നറിയിപ്പ് നൽകി മാതാപിതാക്കൾക്കൊപ്പം അയച്ചത്.
രോഹിണിയിലും പശ്ചിം വിഹാറിലും ഉള്ള സ്കൂളുകൾക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി ബോംബ് ഭീഷണി ലഭിച്ചത്. ഒരേ സ്കൂളിലെ രണ്ട് വിദ്യാർത്ഥികളാണ് വ്യാജ ഭീഷണി സന്ദേശം അയച്ചത്. ക്ലാസ് നടക്കുന്നതിനിടെ ബോംബ് സന്ദേശം ലഭിച്ചത് മൂലം സ്ഥിരം രീതിയിലുള്ള ക്ലാസുകൾ തടസപ്പെടാൻ ആരംഭിച്ചതോടെയാണ് പൊലീസ് സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയത്.
ചൊവ്വാഴ്ച ഒരു ലക്ഷം ഡോളർ നൽകിയില്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ സ്കൂളിനുള്ളിൽ സ്ഫോടനം നടക്കുമെന്നായിരുന്നു ഇവർ സന്ദേശം അയച്ചത്. തിങ്കളാഴ്ചയും സമാന സന്ദേശം 20 സ്കൂളുകൾക്ക് ലഭിച്ചിരുന്നു. ഡിസംബർ 9 മുതലാണ് സ്കൂളുകൾക്ക് നേരെയുള്ള ഭീഷണി സന്ദേശം പതിവെന്ന രീതിയിൽ എത്താൻ തുടങ്ങിയത്. മെയ് മാസം മുതൽ 50ലേറെ വ്യാജ ബോംബ് ഭീഷണിയാണ് ദില്ലിയിലെ സ്കൂളുകൾക്ക് ലഭിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam