അമിത് ഷായ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്: നല്‍കുന്നത് ദില്ലി സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കള്‍

By Web TeamFirst Published Jan 31, 2020, 8:04 AM IST
Highlights

അതേ സമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എട്ട് ബിജെപി എം പിമാർക്കുമെതിരെ ആംആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. 

ദില്ലി: സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കൂട്ടികളുടെ മാതാപിതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കാന്‍ തീരുമാനിച്ചെന്ന് ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സഞ്ജയ് സിങ്. 

സര്‍ക്കാര്‍ സ്‌കൂളുകളെ കുറിച്ച് അമിത്ഷായും മറ്റ് ബി.ജെ.പി നേതാക്കളും പ്രചരിപ്പിച്ച വ്യാജ വീഡിയോ കണ്ട് വേദനിച്ച മാതാപിതാക്കളാണ് കേസ് നല്‍കാന്‍ തീരുമാനിച്ചതെന്നും സഞ്ജയ് സിങ് പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ വ്യാജ വീഡിയോകളിലൂടെ വിദ്യാലയങ്ങളിലെ കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരെയുമാണ് അപമാനിച്ചിരിക്കുന്നതെന്ന് സഞ്ജയ് സിങ് പറഞ്ഞു. മാനനഷ്ടക്കേസ് നല്‍കാനുള്ള നടപടികള്‍ നാളെ ആരംഭിക്കുമെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു.

അതേ സമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എട്ട് ബിജെപി എം പിമാർക്കുമെതിരെ ആംആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ദില്ലിയിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. വീഡിയോ ട്വിറ്ററിൽ നിന്ന് നീക്കണമെന്നും അമിത് ഷായ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും അമിത് ഷായെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നും ആം ആദ്മി പാർട്ടി കമ്മീഷനോട് ആവശ്യപ്പെട്ടു.

ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലി ബിജെപി ആംആദ്മി പോര് മുറുകുകയാണ്. ദില്ലിയിലെ സ്കൂളുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി എന്നതായിരുന്നു ആംആദ്മി പാർട്ടിയുടെ പ്രധാന പ്രചരണായുധം. ഇതിനെ ചോദ്യം ചെയ്ത അമിത് ഷായോട് സ്കൂളുകൾ നേരിട്ട് സന്ദർശിക്കാനായിരുന്നു കെജ്‍രിവാളിന്‍റെ വെല്ലുവിളി. ഇതിനുപിന്നാലെ, സ്കൂളുകള്‍ മോശം അവസ്ഥയിലാണെന്ന ആരോപണവുമായി അമിത് ഷാ ട്വിറ്ററിലൂടെ ഒരു വീഡിയോ പുറത്തുവിട്ടു. 

പൊളിക്കാന്‍ നിര്‍ത്തിയിരുന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളാണിതെന്ന് ആംആദ്മി തിരിച്ചടിച്ചു. ആംആദ്മിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി എംപിമാരുടെ സംഘം സ്കൂളുകൾ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ച്ചയെന്ന വിശദീകരണവുമായാണ് അമിത് ഷാ വീഡിയോ പുറത്തുവിട്ടത്. 

ബിജെപി ദില്ലി അധ്യക്ഷനും എംപിയുമായ മനോജ് തിവാരി, ഗൗതം ഗംഭീർ, മീനാക്ഷി ലേഖി തുടങ്ങി എട്ട് എംപിമാർ വിവിധ സ്കൂളുകളുടെ ശോച്യാവസ്ഥ തുറന്ന് കാട്ടുന്നതാണ് വീഡിയോ. പിന്നാലെ, പൊളിക്കാൻ വച്ചിരിക്കുന്ന കെട്ടിടങ്ങൾ കാണിച്ചുള്ള അമിത് ഷായുടെ കള്ള പ്രചരണം പാളിയെന്ന് ആം ആദ്മി പാർട്ടി തിരിച്ചടിച്ചു. നവീകരിച്ച പുതിയ കെട്ടിടങ്ങൾ കാണിക്കാതെയുള്ള നാടകമാണിതെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. 

click me!