മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ; നടപടി പിൻവലിച്ച് ദില്ലി ദുരന്ത നിവാരണ അതോറിറ്റി

By Web TeamFirst Published Oct 5, 2022, 9:49 AM IST
Highlights

ദില്ലിയിൽ ഏപ്രിൽ മാസത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കാൻ ദില്ലി ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചത്. 

ദില്ലി: ദില്ലിയിൽ മാസ്ക് ധരിക്കാത്തതിനുള്ള പിഴ ഈടാക്കുന്നത് പിൻവലിച്ചു. 500 രൂപ പിഴ ഈടാക്കുന്ന നടപടിയാണ് ദില്ലി ദുരന്തനിവാരണ അതോറിറ്റി പിൻവലിച്ചത്. ദില്ലിയിൽ ഏപ്രിൽ മാസത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കാൻ ദില്ലി ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചത്.  ലഫ്. ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിൽ ചേർന്ന ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലായിരുന്നു ഈ തീരുമാനം. പരിശോധനയും വാക്സിനേഷനും കൂട്ടാനും നിർദ്ദേശിച്ചിരുന്നു.  

2019 അവസാനത്തോടെ വ്യാപകമാകാൻ തുടങ്ങിയ കൊവിഡ് 19 ലക്ഷക്കണക്കിന് ജീവനുകളെയാണ് അപഹരിച്ചത്. ഇതിനിടെ വാക്സിനെത്തിയെങ്കിലും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പുതിയ തരംഗങ്ങള്‍ സൃഷ്ടിച്ച് വെല്ലുവിളികളുയര്‍ത്തിക്കൊണ്ടിരുന്നു. നിലവില്‍ ഒമിക്രോൺ എന്ന വകഭേദമാണ് ലോകമാകെയും കൊവിഡ് കേസുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒമിക്രോണിന് ശേഷം ഇതിന്‍റെ ഉപവകഭേദങ്ങള്‍ പലതും വന്നു. ഇപ്പോൾ ഒമിക്രോണിന്‍റെ തന്നെ പുതിയൊരു ഉപവകഭേവും കൂടി കണ്ടെത്തപ്പെട്ടിരിക്കുകയാണ്.

നിലവിൽ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 34,598 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.08 ശതമാനമാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,481 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,40,36,152 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.74% മാണെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറിൽ  1,968 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 2,09,801 പരിശോധനകൾ നടത്തി. 89.59 കോടിയിൽ അധികം (89,59,58,696) കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്. നിലവില്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.29 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  0.94 ശതമാനവുമാണ്. 

അതേസമയം ലോകത്ത് ഇതുവരെയായി 623,747,278 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്ന് കൊവിഡ് രോഗത്തെ കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്ന വേള്‍ഡോ മീറ്ററിന്‍റെ വെബ്സൈറ്റ് പറയുന്നു. ലോകത്ത് ഇതുവരെയായി കൊവിഡ് ബാധിച്ച് 6,551,813 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്ത് ഏറെ നാളുകള്‍ക്ക് ശേഷം കൊവിഡ് കണക്കുകളില്‍ ഏറ്റവും വലിയ വര്‍ദ്ധന രേഖപ്പെടുത്തിയത് ജനുവരി 21 നായിരുന്നു. 38,46,047 പേര്‍ക്കാണ് അന്ന് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ലോകത്ത് കൊവിഡ് വ്യാപനത്തില്‍ വലിയെ കുറാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

218.80 കോടി ഡോസ് കൊവിഡ് വാക്സിനുകള്‍ നല്‍കി ഇന്ത്യ

click me!