
ദില്ലി: ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട ഭാര്യ ദിവസങ്ങള്‍ക്ക് ശേഷം പിടിയിൽ. ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടിലെ കിടപ്പുമുറിയിലെ തറയിൽ കുഴി മൂടിയ നിലയിൽ കണ്ട സ്ഥലം വീട്ടുടമസ്ഥൻ പരിശോധിച്ചതാണ് സത്യം വെളിച്ചത്ത് വരാൻ കാരണമായത്. ദില്ലിയിലെ അമൃത് വിഹാറിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. 63 കാരനായ രാജേഷാണ് കൊല്ലപ്പെട്ടത്.
രാജേഷും ഭാര്യ സുനിത(38) യും മകനുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. എന്നാൽ ചെറുപ്പക്കാരനായ യുവാവുമായി ഭാര്യക്ക് പ്രണയമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇവര്‍ക്കിടയിൽ കലഹം പതിവായിരുന്നു. ഈ വീട്ടിൽ ഇടയ്ക്ക് സന്ദര്‍ശനം നടത്താറുണ്ടായിരുന്ന സുനിതയുടെ അമ്മ വരാതായത് ഈ വഴക്കിനെ തുടര്‍ന്നായിരുന്നു. ഏറെ നാളുകളായി തുടര്‍ന്നുവന്ന തര്‍ക്കം ജനുവരി മാസത്തോടെ ഉച്ഛസ്ഥായിയിലെത്തിയെന്നാണ് സുനിത പൊലീസിന് മൊഴി നൽകിയത്.
ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് മയക്കു ഗുളികകൾ നൽകി രാജേഷിനെ ഉറക്കിയ ശേഷമായിരുന്നു കൊലപാതകം നടത്തിയത്. കാര്യങ്ങള്‍ മുൻകൂട്ടി ആസൂത്രണം ചെയ്ത സുനിത മകനെ സുഹൃത്തിന്റെ വീട്ടിലേക്ക് അയച്ച ശേഷമാണ് കൃത്യം നടത്തിയത്. ഉറങ്ങിക്കിടന്ന രാജേഷിനെ വെട്ടിനുറുക്കി എട്ട് കഷണങ്ങളാക്കിയ ശേഷം മൃതദേഹം എട്ട് ബാഗുകളിലാക്കി. കൈയ്യടങ്ങിയ ഒറു ഭാഗം കിടപ്പുമുറിയിൽ കുഴിച്ചിട്ടു. കാലുകളടങ്ങിയ ഒരു ഭാഗം വീട്ടുമുറ്റത്താണ് കുഴിച്ചിട്ടത്.
രണ്ട് ദിവസത്തിന് ശേഷം രാജേഷിനെ കാണാനില്ലെന്ന് കാട്ടി, ഇവര്‍ സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. ഇതിനിടെ ഈ പ്രദേശത്തെ ഡ്രെയിനേജിൽ നിന്ന് അഴുകിയ നിലയിൽ മൃതശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും സൂചനകളൊന്നും ലഭിക്കാത്തതിനാൽ അന്വേഷണം എങ്ങുമെത്തിയില്ല.
സുനിതയും മകനും വീട് വിട്ട ശേഷം വീട്ടുടമസ്ഥനാണ് കിടപ്പുമുറിയിലെ തറ കുത്തിപ്പൊളിച്ച് കുഴിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ ഇദ്ദേഹം ഈ കുഴി തുറന്നു. ആദ്യം വിരൽ കണ്ടതോടെ പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ പൊലീസെത്തി കുഴി തുറന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചോദ്യം ചെയ്യലിൽ സുനിത കുറ്റം സമ്മതിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട സുനിതയെ തിഹാര്‍ ജയിലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam