ജാർഖണ്ഡിലെ ചൈബാസയിൽ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബത്തിന് ബസിൽ യാത്ര ചെയ്യേണ്ടി വന്നു. 

റാഞ്ചി: ആശുപത്രി അധികൃതർ ആംബുലൻസ് സൗകര്യം ഒരുക്കാത്തതിനാൽ, നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം. ജാർഖണ്ഡിലാണ് സംഭവം. നോമുണ്ടി ബ്ലോക്കിന് കീഴിലുള്ള ബൽജോരി സ്വദേശിയായ ഡിംബ ചതോംബ വ്യാഴാഴ്ച തന്റെ രോഗിയായ കുട്ടിയെ ചൈബാസയിലെ സദർ ആശുപത്രിയിലേക്കെത്തിച്ചു. കുട്ടിയുടെ നില വഷളാവുകയും വെള്ളിയാഴ്ച ചികിത്സയ്ക്കിടെ കുട്ടി മരിക്കുകയും ചെയ്തു. കുട്ടിയുടെ മരണശേഷം, മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ വാഹനം നൽകണമെന്ന് കുടുംബാംഗങ്ങൾ ആശുപത്രി മാനേജ്‌മെന്റിനോട് അഭ്യർത്ഥിച്ചിരുന്നു. വാഹനത്തിനായി കുടുംബം മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും സൗകര്യം ഒരുക്കിയില്ല. 

തുടർന്ന് കുടുംബം കുട്ടിയുടെ മൃതദേഹം ഒരു പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് ബൽജോരി ഗ്രാമത്തിലേക്ക് ബസിൽ യാത്ര തിരിച്ചു. പിതാവിന്റെ പോക്കറ്റിൽ 100 ​​രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തുള്ള ഒരു കടയിൽ നിന്ന് 20 രൂപയ്ക്ക് ഒരു പ്ലാസ്റ്റിക് ബാഗ് വാങ്ങി, നാല് മാസം പ്രായമുള്ള മകന്റെ മൃതദേഹം അതിനുള്ളിലാക്കി ബസിൽ പോയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, വാഹനം ക്രമീകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുറച്ച് മണിക്കൂർ കൂടി കാത്തിരിക്കാൻ അവരോട് ആവശ്യപ്പെട്ടു. പക്ഷേ മരിച്ച കുട്ടിയെ ഒരു ബാഗിലാക്കി അവർ ആശുപത്രി വിട്ടുവെന്നും അധികൃതർ പറഞ്ഞു. 

മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഞങ്ങൾ ആംബുലൻസുകൾ നൽകുന്നില്ല. അതിനായി പ്രത്യേകസേവനമുണ്ട്. ജില്ലയിൽ അത്തരമൊരു വാഹനം മാത്രമേയുള്ളൂ. ആ സമയത്ത് വാഹനം മനോഹർപൂരിൽ ഉണ്ടായിരുന്നതിനാൽ കുട്ടിയുടെ കുടുംബത്തോട് രണ്ട് മണിക്കൂർ കൂടി കാത്തിരിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടു, പക്ഷേ അവർ സമ്മതിച്ചില്ല, മൃതദേഹവുമായി വീട്ടിലേക്ക് പോയെന്നും ചൈബാസ സിവിൽ സർജൻ ഡോ. ഭാരതി മിഞ്ച് പറഞ്ഞു. നാല് മാസം പ്രായമുള്ള കുട്ടിക്ക് ശ്വാസതടസ്സം ഉണ്ടായിരുന്നുവെന്ന് സിവിൽ സർജൻ പറഞ്ഞു. കുട്ടിയെ ഉയർന്ന ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. പക്ഷേ പിതാവ് സമ്മതിച്ചില്ല. 

ഒടുവിൽ കുട്ടി രോഗബാധിതനായി മരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ഇർഫാൻ അൻസാരി ഉറപ്പ് നൽകി. ഒരു ആദിവാസി കുടുംബത്തിന് ഇതുപോലൊന്ന് സംഭവിച്ചിട്ടുണ്ടെങ്കിൽ, അന്വേഷണം നടത്തി അതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അൻസാരി പറഞ്ഞു.