
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു. ബുധനാഴ്ച രാവിലെ അന്തരീക്ഷ വായു നിലവാര സൂചികയിൽ രേഖപ്പെടുത്തിയത് 301 ആണെന്ന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച് (സഫർ) അധികൃതർ വ്യക്തമാക്കി.
ദില്ലി യൂണിവേഴ്സിറ്റി, മധുര റോഡ്, ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം(ടെർമിനൽ-3) എന്നിവിടങ്ങളിലെല്ലാം വായു നിലവാരം മോശം അവസ്ഥയിലാണ്. ഇവിടങ്ങളിൽ എക്യൂഐ യഥാക്രമം 310, 315, 325 എന്ന നിലവാരത്തിലാണ്. പുസ റോഡ്(235), ലോധി റോഡ്(245), ഐഐടി ഡൽഹി(280), അയനഗർ(256) എന്നിവിടങ്ങളിൽ മോശം അവസ്ഥയിലാണ് എക്യൂഐ. എക്യൂഐ 301-400 സൂചികയിലുള്ളതാണു വളരെ മോശം അവസ്ഥയായി കണക്കാക്കുന്നത്.
കാറ്റിന്റെ സാന്നിധ്യം കുറവായതാണ് വായുവിന്റെ ഗുണനിലവാരം കുറയാൻ കാരണം എന്നാണ് റിപ്പോർട്ട്. കൂടിയ തണുപ്പും വായുവിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. ദില്ലിയിൽ ഇപ്പോൾ അനുഭവപ്പെടുന്ന താപനില 4 ഡിഗ്രി സെന്റി ഗ്രേഡാണ്. വരും ദിവസങ്ങളിൽ ഇത് വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഇത് അന്തരീക്ഷ വായു നിലവാര സൂചിക ഇനിയും മോശമാകുവാൻ കാരണമായേക്കാം.