
ദില്ലി: വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ ജാമിയ മിലിയയിലെ സമരം അവസാനിച്ചു. ജാമിയയിലെ വിദ്യാർത്ഥി യൂണിയൻ ഭരണഘടനയുടെ അംഗീകാരവും നടപ്പാക്കലും 2027 മെയ് 15 നകം പൂർത്തിയാക്കും. ഭരണഘടന അംഗീകരിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.
അടുത്ത വർഷം അധ്യായന വർഷം ആരംഭിച്ച് 6 ആഴ്ച്ചയ്ക്കകം തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. അതായത് 2027 ജൂലൈ 16 ന് ശേഷം വരുന്ന 6 ആഴ്ച്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് നടക്കും. സമരത്തിന്‍റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ എടുത്ത അച്ചടക്ക നടപടികൾ പിൻവലിക്കും. ഇന്ന് വൈകിട്ട് ഹാരിസ് ബീരാൻ എംപിയുടെ നേതൃത്വത്തിൽ സമവായ ചർച്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് തീരുമാനം. വൈസ് ചാൻസിലർ നേരിട്ടെത്തിയാണ് വിദ്യാർത്ഥികളെ ഇക്കാര്യം അറിയിച്ചത്. നിരാഹാര സമരം അടക്കമുള്ള എല്ലാ സമരങ്ങളും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സർവ്വകലാശാല രജിസ്ട്രാർ അഭ്യർത്ഥിച്ചു.
2006 ലാണ് ജാമിയ മില്ലിയ സർവകലാശാലയിൽ അവസാനമായി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്. പിന്നാലെ അന്ന് കാമ്പസിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് അധികൃതർ കഴിഞ്ഞ 20 വർഷമായി തെരഞ്ഞെടുപ്പ് നടപടികൾ നിർത്തലാക്കിയത്. ഈ നടപടി നീക്കണമെന്നും വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നിരാഹാര സമരം ഉൾപ്പെടെ നടത്തി. വിദ്യാർത്ഥികളെ സർവ്വകലാശാല സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവകലാശാലാ കാമ്പസിന് പുറത്തേക്ക് വലിച്ചിഴച്ച് മാറ്റിയതോടെ പ്രക്ഷോഭം ശക്തമാവുകയായിരുന്നു.
ചീഫ് പ്രോക്ടറുടെയും സുരക്ഷാ ഉപദേഷ്ടാവിന്റെയും നേതൃത്വത്തിൽ അറുപതോളം സെക്യൂരിറ്റി ജീവനക്കാർ സ്ഥലത്തെത്തി സമരക്കാരുടെ കിടക്കകളും പന്തലുകളും ബലമായി നീക്കം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടപടികളും ഉണ്ടായി. സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്ക് പിന്നാലെ എൻ എസ് യു ഐ, ഐസ, ജെ എൻ യു എസ്‍ യു തുടങ്ങിയ വിദ്യാർഥി സംഘടനകൾ സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. സമരം കൂടുതൽ ശക്തമായതോടെയാണ് വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കുന്ന കാര്യം ചർച്ച ചെയ്യാനായി സർവകലാശാല ഉന്നത സമിതിയെ നിയോഗിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam