
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നത് എല്ലായ്പ്പോഴും ഗുണകരമാകില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ്. മോദി ചെയ്ത കാര്യങ്ങൾ അംഗീകരിക്കാനുള്ള സമയമായെന്നും ജയറാം രമേശ് പറഞ്ഞു. 2014 മുതൽ 2019 വരെ മോദി ചെയ്ത നല്ല കാര്യങ്ങൾ അംഗീകരിക്കാനുള്ള സമയമായി. ഈ കാര്യങ്ങൾ കൊണ്ടാണ് 30 ശതമാനത്തിലധികം ജനങ്ങൾ വോട്ട് ചെയ്ത് അദ്ദേഹം വീണ്ടും അധികാരത്തിലേറിയത്.”
രാഷ്ട്രീയനിരീക്ഷകനായ കപിൽ സതീഷ് കൊമ്മിറെഡ്ഡിയുടെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയറാം രമേഷ്. മോദി സംസാരിക്കുന്നത് ജനങ്ങളുമായി ഇണങ്ങിച്ചേരുന്ന ഭാഷയിലാണ്. ഭൂതകാലത്ത് ആരും ചെയ്യാത്തതും ജനങ്ങൾ അംഗീകരിക്കുന്നതുമായ കാര്യങ്ങൾ അദ്ദേഹം ചെയ്തു എന്ന് നമ്മൾ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ ഈ മനുഷ്യനെ നേരിടാൻ നമുക്ക് കഴിയുകയില്ല.
മോദിയെ എല്ലായ്പ്പോഴും മോശക്കാരനാക്കിയും പൈശാചികവൽക്കരിച്ചും അദ്ദേഹത്തെ നേരിടാൻ കഴിയുകയില്ല. ഭരണത്തിന്‍റെ സാമ്പത്തിക ശാസ്ത്രമെടുത്താൽ അത് പൂർണ്ണമായും ഒരു മോശം കഥയല്ല. എന്നാൽ ഭരണത്തിന്റെ രാഷ്ട്രീയം തികച്ചും വ്യത്യസ്തമാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. യുപിഎ മന്ത്രിസഭയിലെ ഗ്രാമവികസനമന്ത്രിയായിരുന്ന ജയറാം രമേശ് അറിയപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ദൻ കൂടിയാണ്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് പാചകവാതക കണക്ഷൻ നൽകുന്നതിനായി ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്ന പദ്ധതിയാണ് മോദിയുടെ ജനസമ്മിതിയ്ക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 2019-ൽ നാമെല്ലാവരും മോദിയെ പരിഹസിച്ചത് ഈ പദ്ധതിയുടെ പേരിലാണ്. എന്നാൽ അദ്ദേഹത്തിന് കോടിക്കണക്കിന് വനിതകളിലേയ്ക്കെത്താൻ സാധിച്ചതും അതുവഴി 2014-ൽ ഇല്ലാതിരുന്ന രാഷ്ട്രീയമായ മൈലേജ് ലഭിച്ചതും അതുവഴിയാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
കർഷകരുടെ പ്രശ്നങ്ങളെ പ്രതിപക്ഷം തെരെഞ്ഞെടുപ്പ് ക്യാമ്പയിനിൽ ആകമാനം ഉയർത്തിക്കാട്ടിയെങ്കിലും ജനങ്ങൾ അതിനെ മോദിയുടെ കുഴപ്പമായല്ല കണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കർണാടകയിൽ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമാണ് ജയറാം രമേശ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam