Latest Videos

മുഖ്യമന്ത്രിക്ക് ആഭ്യന്തരവും ധനകാര്യവുമില്ല; ഷിൻഡേക്ക് നഗരവികസനം മുഖ്യം, വകുപ്പ് വിഭജനത്തിൽ ഫഡ്നവിസിന് നേട്ടം

By Web TeamFirst Published Aug 14, 2022, 6:02 PM IST
Highlights

വകുപ്പ് വിഭജനത്തിൽ ഉപ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസിന് നേട്ടം. പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുക ഉപ മുഖ്യമന്ത്രിയായിരിക്കും

മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയുടെ വകുപ്പ് വിഭജനത്തിൽ ഉപ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസിന് നേട്ടം. പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുക ഉപ മുഖ്യമന്ത്രിയായിരിക്കും. ആഭ്യന്തര വകുപ്പും ധനകാര്യ വകുപ്പും ഫ‍ഡ്നവിസിനാണ് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേക്ക് നഗരവികസന വകുപ്പാണ് ലഭിച്ചത്. ഷിൻഡേ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് ഏഴ് ആഴ്ചകൾക്ക് ശേഷമാണ് വകുപ്പ് വിഭജനം നടന്നത്.

തുടക്കത്തിലേ കല്ലുകടി; വിവാദ നേതാവിനെ മന്ത്രിയാക്കിയ ഏക്നാഥ് ഷിൻഡെയുടെ തീരുമാനത്തിൽ ബിജെപിക്ക് അതൃപ്തി

അതേസമയം കഴിഞ്ഞ ആഴ്ച മന്ത്രിസഭാ വികസനം നടത്തിയിരുന്നു. ടിക് ടോക് താരത്തിന്റെ ആത്മഹത്യക്ക് കാരണമായെന്ന ആരോപണം നേരിടുന്ന സഞ്ജയ് റാത്തോഡിനെ മന്ത്രിസഭയിലുൾപ്പെടുത്തിയത് തുടക്കത്തിലെ കല്ലുകടിയായിട്ടുണ്ട്. ഇതിനെതിരെ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്ര വാഗ് രം​ഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സഞ്ജയ് റാത്തോഡിനെതിരെ ശക്തമായി രം​ഗത്തെത്തിയിരുന്നു. ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്ന റാത്തോഡിന് കേസിനെ തുടർന്ന് രാജിവെക്കേണ്ടി വന്നിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് അന്വേഷിച്ച കേസാണെന്നും പൊലീസ് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ടെന്നുമാണ് ഏക്നാഥ് ഷിൻഡെയുടെ നിലപാട്. റാത്തോ‍ഡിനെ മന്ത്രിയാക്കിയതിൽ എതിർപ്പുള്ളവരോട് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. യവത്മാലിലെ ദിഗ്രാസ് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് സഞ്ജയ് റാത്തോഡ്. ടിക് ടോക്കിലൂടെ പ്രശസ്തയായ യുവതിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നെന്നും അതാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു ആരോപണം. എന്നാൽ, കേസെടുത്ത പൊലീസ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

'ത്രിവർണപതാക ഉയർത്തിയത് കൊണ്ടുമാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം'; ബിജെപിയെ ഉന്നമിട്ട് ഉദ്ധവ് താക്കറെ

അതേസമയം ഹർ ഘർ തിരം​ഗ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ രംഗത്തെത്തിയിട്ടുണ്ട്. ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ലെന്നും ഹൃദയത്തിലും വേണമെന്നും അദ്ദേഹം പറഞ്ഞു. 'ഹര്‍ ഘര്‍ തിരംഗ'  ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും രാജ്യത്ത് എത്രമാത്രം ജനാധിപത്യം അവശേഷിക്കുന്നുവെന്ന് നാം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. മർമിക് മാഗസിന്റെ 62ാം സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. രാജ്യത്തെ എല്ലാ വീടുകളിലുംദേശീയപതാക സ്ഥാപിക്കാൻ പറഞ്ഞിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട രസകരമായ കാർട്ടൂൺ ചിലർ എന്നെ കാണിച്ചു. എന്റെ കൈയിൽ ത്രിവർണപതാകയുണ്ട്, എന്നാൽ പതാകയുയർത്താൻ വീടില്ല എന്നാണ് കാർട്ടൂണിൽ പറയുന്നത്. അരുണാചലിൽ ചൈന കടന്നു കയറുകയാണ്. നമ്മൾ വീടുകളിൽ ത്രിവർണപതാക ഉയർത്തിയാൽ ചൈന പിന്നോട്ട് പോകില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

click me!