
ജയ്പുർ: ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് രാം റഹീം സിങ്ങിന് വീണ്ടും പരോൾ. അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹീം സിങ്ങിന് 30 ദിവസത്തെ പരോൾ ആണ് ഇത്തവണ അനുവദിച്ചത്. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. ശിക്ഷിക്കപ്പെട്ട് 8 വർഷത്തിനിടെ ഇത് 16-ാം തവണയാണ് ഗുർമീതിന് പരോൾ ലഭിക്കുന്നത്. 2026-ൽ മാത്രം ഇത് രണ്ടാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ ആണ് ലഭിച്ചത്. ഇതുവരെ 3,193 ശിക്ഷാ ദിവസങ്ങളിൽ 406 ദിവസവും ജയിലിന് പുറത്താണ് ചെലവഴിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2025 ഓഗസ്റ്റിൽ 40 ദിവസത്തെ പരോളിലും, 2025 ഏപ്രിലിൽ 21 ദിവസത്തെ ഫർലോയിലും, ഫെബ്രുവരി 5 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2025 ജനുവരിയിൽ 30 ദിവസത്തെ പരോളിലും ഗുർമീത് പുറത്തിറങ്ങിയിരുന്നു. ഒക്ടോബർ 5 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, 2024 ഒക്ടോബർ 1 ന് അദ്ദേഹത്തിന് 20 ദിവസത്തെ പരോളും ലഭിച്ചു. 2024 ഓഗസ്റ്റിൽ 21 ദിവസത്തെ ഫർലോയും, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ്, 2022 ഫെബ്രുവരിയിൽ മൂന്ന് ആഴ്ചത്തെ ഫർലോയും അനുവദിച്ചു.
രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസിലാണ് സി.ബി.ഐ. പ്രത്യേക കോടതി ഗുർമീത് റാം റഹീം സിങ്ങിനെ 20 വർഷം തടവിന് ശിക്ഷിച്ചത്. നിലവിൽ ലഭിച്ച 30 ദിവസത്തെ പരോളോടെ, 2026-ൽ ഒരാൾക്ക് ലഭിക്കാവുന്ന പരോൾ പരിധി റാം റഹീമിന് കഴിഞ്ഞിട്ടുണ്ട്. . പരോളിൽ പുറത്തിറങ്ങുന്ന കാലയളവ് ശിക്ഷാ കാലാവധിയുടെ ഭാഗമായി കണക്കാക്കില്ല, അതിനാൽ ആ ദിവസങ്ങൾ കൂടി ഗുർമീതിന് തടവ് അനുഭവിക്കേണ്ടി വരും. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ഉൾപ്പെടെയുള്ള സിഖ് സംഘടനകൾ റാം റഹീമിന് ആവർത്തിച്ച് പരോളും ഫർലോയും അനുവദിച്ചതിനെതിരെ രംഗത്ത് വന്നിരുന്നു. രാം ചന്ദർ ഛത്രപതി വധക്കേസിലും ദേര മാനേജർ രഞ്ജിത് സിങ് വധക്കേസിലും ഗുർമീതിന് ശിക്ഷ ലഭിച്ചിരുന്നെങ്കിലും, പഞ്ചാബ്-ഹരിയാണ ഹൈക്കോടതി 2024-ലും 2026-ലുമായി ഈ രണ്ട് കേസുകളിൽനിന്നും അദ്ദേഹത്തെ വെറുതേ വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam