വമ്പൻ ദീപാവലി/പെരുന്നാൾ സമ്മാനം പ്രഖ്യാപിച്ച് സുവേന്ദു അധികാരി; സർക്കാർ കാന്‍റീനുകളിൽ വെറും 5 രൂപയ്ക്ക് മത്സ്യവും ചോറും അടങ്ങുന്ന ഊണ്

Published : May 26, 2026, 04:10 PM IST
CM Suvendu Adhikari

Synopsis

പശ്ചിമ ബംഗാൾ സർക്കാർ ദീപാവലി സമ്മാനമായി 5 രൂപയ്ക്ക് മത്സ്യവും ചോറും അടങ്ങുന്ന ഊണ് നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ഈ പ്രഖ്യാപനം നടത്തിയത്. നിലവിലുള്ള 'മാ' കാന്റീൻ പദ്ധതി വിപുലീകരിച്ചാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൊതുജനങ്ങൾക്ക് വമ്പൻ ദീപാവലി/പെരുന്നാൾ സമ്മാനം പ്രഖ്യാപിച്ച് സർക്കാർ. സംസ്ഥാന സർക്കാർ നടത്തുന്ന സബ്‌സിഡി കാന്‍റീനുകളിലൂടെ വെറും 5 രൂപയ്ക്ക് മത്സ്യവും ചോറും അടങ്ങുന്ന ഊണ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. കല്യാണിയിൽ നടന്ന ഭരണതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർണായക പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തുടനീളമുള്ള 400 പ്രത്യേക സർക്കാർ കാന്‍റീനുകളിലൂടെയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.

ബംഗാളിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളികളുടെ പ്രധാന ഭക്ഷണമായ മത്സ്യം, ഇറച്ചി, മുട്ട എന്നിവ നിരോധിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഏപ്രിലിൽ നടന്ന ഒരു പൊതുയോഗത്തിൽ ടിഎംസി അധ്യക്ഷ മമത ബാനർജി ബിജെപിക്കെതിരെ കടുത്ത ഭാഷയിൽ രംഗത്തുവന്നിരുന്നു: 'മത്സ്യവും ചോറും കഴിച്ചാണ് ബംഗാൾ ജീവിക്കുന്നത്. ജനങ്ങളോട് മത്സ്യമോ ഇറച്ചിയോ മുട്ടയോ കഴിക്കരുതെന്ന് പറയാൻ നിങ്ങൾക്കാരാണ് അധികാരം? പിന്നെ ബംഗാളിലെ ജനങ്ങൾ എന്താണ് കഴിക്കേണ്ടത്?' എന്നായിരുന്നു മമതയുടെ ചോദ്യം.

എന്നാൽ ഈ ആരോപണങ്ങൾ അക്കാലത്ത് തന്നെ നിഷേധിച്ച ബിജെപി, തങ്ങൾ അധികാരത്തിൽ വന്നാൽ അത്തരം നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ ഭാഗമായി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള കേന്ദ്ര ബിജെപി നേതാക്കൾ ബംഗാളിലെ പ്രചാരണ വേളകളിൽ പരസ്യമായി 'മാച്ച്-ഭാത്' (മത്സ്യവും ചോറും) വിരുന്നുകളിൽ പങ്കെടുക്കുകയും നാമനിർദ്ദേശ പത്രികാ റാലികളിൽ മത്സ്യം കൈയിലേന്തി ബംഗാളി സംസ്‌കാരത്തോടുള്ള തങ്ങളുടെ ആഭിമുഖ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഭയവും ആശയക്കുഴപ്പവും പരത്താനാണ് മമത ബാനർജി ശ്രമിക്കുന്നതെന്നും ബിജെപി ഭരിക്കുന്ന 16 സംസ്ഥാനങ്ങളിലും എൻഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലും ആരുടെയും ഭക്ഷണത്തിനോ ആരാധനയ്ക്കോ യാതൊരു നിയന്ത്രണവുമില്ലെന്നും നേതാക്കൾ അന്ന് വ്യക്തമാക്കിയിരുന്നു.

ബംഗാളിലെ 5 രൂപ ഊണ് പദ്ധതി

പശ്ചിമ ബംഗാളിൽ കുറഞ്ഞ നിരക്കിൽ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന ഈ കാന്‍റീൻ സംവിധാനം ജനങ്ങൾക്കിടയിൽ അതീവ ജനപ്രിയമാണ്. 2021 ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി മമത ബാനർജിയാണ് 'മാ' (Maa) കാന്‍റീൻ എന്ന പേരിൽ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. സാധാരണയായി ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:00 മണി വരെ പ്രവർത്തിക്കുന്ന ഈ കാന്‍റീനുകളിൽ ഇതുവരെ 5 രൂപയ്ക്ക് ചോറ്, പരിപ്പ്, കറി, മുട്ടക്കറി എന്നിവയായിരുന്നു നൽകിയിരുന്നത്. 2021-ലെ സംസ്ഥാന ബജറ്റിൽ ഇതിനായി 100 കോടി രൂപയും വകയിരുത്തിയിരുന്നു. അന്ന് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ ഗിമ്മിക്ക് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ദിലീപ് ഘോഷ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ 2026-ൽ സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ, ബംഗാളി സ്വത്വത്തിന്‍റെ ഭാഗമായ 'മത്സ്യം' കൂടി ഈ അഞ്ച് രൂപ ഊണിൽ ഉൾപ്പെടുത്തിക്കൊണ്ട് പദ്ധതി കൂടുതൽ വിപുലീകരിക്കാനാണ് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പുതിയ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീഴ്ച സമ്മതിച്ച് സിബിഎസ്ഇ, പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്ക് അവരുടെ യഥാർത്ഥ പേപ്പർ കൈമാറി
സമുദ്ര ഗതാഗതം, ഊർജ്ജ സുരക്ഷ, അവശ്യ ധാതുക്കളുടെ ലഭ്യത എന്നിവയിൽ പരസ്പര സഹകരണത്തിന് ക്വാഡ് രാജ്യങ്ങൾ