
അസംഗഡ്: വിവാഹം കഴിഞ്ഞ് 10 വർഷമായിട്ടും കുട്ടികളില്ല. പരിഹാരം തേടി പൂജാവിധികൾ പിന്തുടർന്ന യുവതി കൊടിയ പീഡനത്തിന് പിന്നാലെ മരിച്ചു. ഉത്തർപ്രദേശിലെ അസംഗഡിൽ വലിയ പ്രതിഷേധം. അനുരാധ എന്ന 35കാരിയാണ് സ്വയം പ്രഖ്യാപിത് താന്ത്രിക ആചാരിയുടെ നിർദ്ദേശം അനുസരിച്ച് ശുചിമുറിയിലെ വെള്ളമടക്കം കുടിക്കേണ്ടി വന്നത്. സംഭവത്തിൽ ചന്തു എന്ന താന്ത്രിക വിദഗ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. 2014ൽ വിവാഹിതയായ അനുരാധ മക്കളില്ലാത്തതിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ വലിയ രീതിയിലുള്ള അപമാനം നേരിട്ടിരുന്നു.
ഏത് വിധേനയും കുട്ടികളുണ്ടാവുകയെന്ന ലക്ഷ്യത്തോടെയാണ് അനുരാധ സ്വന്തം വീട്ടിലേക്ക് ഒരു മാസം മുൻപ് തിരിച്ചെത്തിയത്. അമ്മയുടേയും അമ്മായി അമ്മയുടേയും നിർദ്ദേശം അനുസരിച്ചാണ് ചന്തുവിന്റെ ചികിത്സാ രീതികൾ യുവതി സ്വീകരിച്ചത്. ഹരിജൻ ബസ്തി സ്വദേശിയായ പൂജാരിയായിരുന്നു ഇയാൾ. അനുരാധയുടെ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയാണ് കുടുംബം ഇയാൾക്ക് വാഗ്ദാനം നൽകിയത്. ഇതിൽ 22000 രൂപ മുൻകൂറായി ഇയാൾ വാങ്ങുകയും ചെയ്തിരുന്നു. ജൂലൈ 6ന് അനുരാധയെ ചന്തുവും സഹായികളും ക്രൂരമായി മർദ്ദിച്ചതായി അമ്മ പൊലീസിൽ പരാതി നൽകിയത്. കക്കൂസിൽ നിന്ന് ശേഖരിച്ച ജലം കുടിക്കാൻ വിസമ്മതിച്ചതിനായിരുന്നു മർദ്ദനം. 35കാരി ഗർഭിണി ആകാത്തതിന് കാരണം യുവതിയുടെ ശരീരത്തിൽ കയറിക്കൂടിയ ദുഷ്ടാത്മാവാണ് എന്നായിരുന്നു അനുരാധയുടെ ബന്ധുക്കളെ ഇയാൾ ധരിപ്പിച്ചത്.
ബാധയൊഴിപ്പിക്കാനായി പ്രത്യേക കര്‍മങ്ങളും ചികിത്സകളും വേണമെന്നും ഇയാള്‍ വിശദമാക്കിയിരുന്നു. ശക്തിയുള്ള ദുഷ്ടാത്മാവായതിനാൽ ക്രൂരമായ പീഡനം വേണ്ടി വരുമെന്നും ഇയാൾ കുടുംബത്ത ധരിപ്പിച്ചിരുന്നു. അമ്മയുടെ മുന്നിൽ വച്ചായിരുന്നു യുവതിയെ പൂജാരിയും സഹായികളും മർദ്ദിച്ചത്. കഴുത്തും തലയും വായയും പിടിച്ച് പിന്നിലേക്ക് തളളി, ശുചിമുറിവെള്ളവും അഴുക്കുചാലിലെ വെള്ളവും കുടിപ്പിക്കുന്നതായിരുന്നു പൂജാരിയുടേയും സഹായികളുടേയും ചികിത്സാ. മണിക്കൂറുകളോളം ക്രൂരത തുടര്‍ന്നതോടെ അനുരാധയുടെ ആരോഗ്യനില വഷളായി.
പിന്നാലെ ആശുപത്രിയിലെത്തിച്ച അനുരാധ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. യുവതി മരിച്ചതായി വ്യക്തമായതോടെ പൂജാരിയും സഹായികളും മുങ്ങുകയായിരുന്നു. അനുരാധയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. ചികിത്സയുടെ അനുരാധയ്ക്ക് സംഭവിച്ചതു പോലുള്ള സമാനാനുഭവം നേരത്തേയുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം