അനധികൃത കുടിയേറ്റക്കാർക്കുള്ള തടങ്കൽ കേന്ദ്രങ്ങളുമായി കർണാടകം; ആദ്യകേന്ദ്രം സെണ്ടിക്കൊപ്പയിൽ

Published : Dec 24, 2019, 06:28 AM ISTUpdated : Dec 24, 2019, 08:40 AM IST
അനധികൃത കുടിയേറ്റക്കാർക്കുള്ള തടങ്കൽ കേന്ദ്രങ്ങളുമായി കർണാടകം; ആദ്യകേന്ദ്രം സെണ്ടിക്കൊപ്പയിൽ

Synopsis

കമ്പിവേലിയുളള ചുറ്റുമതിൽ, അടുക്കളയും കുളിമുറിയുമുളള 15 മുറികൾ, രണ്ട് നിരീക്ഷണ ടവറുകൾ.,സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുണ്ടായിരുന്ന ഹോസ്റ്റൽ കെട്ടിടം ജയിലിന് സമാനമായി മാറ്റിക്കഴിഞ്ഞു. 

ബംഗളൂരു: പൗരത്വ പട്ടികയിൽ നിന്ന് പുറത്തുപോകുന്നവർക്കും അനധികൃത കുടിയേറ്റക്കാർക്കുമായി തടങ്കൽ കേന്ദ്രങ്ങൾ കർണാടകത്തിൽ പൂർത്തിയാവുന്നു. ബംഗളൂരുവിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെ തയ്യാറായ ആദ്യ കേന്ദ്രം അടുത്ത മാസം തുറക്കും. രേഖകളില്ലാതെ തങ്ങുന്ന ആഫ്രിക്കൻ വംശജർക്കും ബംഗ്ലാദേശ് പൗരൻമാർക്കുമുളള അഭയാർത്ഥി കേന്ദ്രമാണിതെന്നാണ് കർണാടക സർക്കാർ പറയുന്നത്.

അനധികൃത കുടിയേറ്റക്കാരെ തടവിൽ പാർപ്പിക്കാനുളള കേന്ദ്രങ്ങൾ ജനുവരിക്ക് മുമ്പ് ഒരുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശമുണ്ട്. ഈ വർഷം ജനുവരിയിലാണ് മന്ത്രാലയും ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. യെദിയൂരപ്പ സർക്കാർ വന്ന ശേഷം കർണാടകത്തിൽ ഇതിന്‍റെ നടപടികൾ വേഗത്തിലായി. ആദ്യത്തെ കേന്ദ്രം ബംഗളൂരു നഗരത്തിന് പുറത്ത് സെണ്ടിക്കൊപ്പയിലാണ് തയ്യാറാവുന്നത്. 

കമ്പിവേലിയുളള ചുറ്റുമതിൽ, അടുക്കളയും കുളിമുറിയുമുളള 15 മുറികൾ, രണ്ട് നിരീക്ഷണ ടവറുകൾ.,സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുണ്ടായിരുന്ന ഹോസ്റ്റൽ കെട്ടിടം ജയിലിന് സമാനമായി മാറ്റിക്കഴിഞ്ഞു. ദേശീയ പൗരത്വ പട്ടിക കർണാടകം നടപ്പാക്കുമെന്ന് പല തവണ ആവർത്തിച്ച ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്, മതിയായ രേഖകളില്ലാത്ത ആഫ്രിക്കൻ വംശജരെയും ബംഗ്ലാദേശ് പൗരൻമാരെയും ഉദ്ദേശിച്ചുളളതാണ് മാതൃകാ തടങ്കൽ കേന്ദ്രം എന്ന് പറയുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിർദേശം വരുന്നതിന് മുൻപ് തന്നെ അനധികൃത കുടിയേറ്റക്കാർക്കായി കേന്ദ്രം തുറക്കാൻ കർണാടക ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അനധികൃതമായി ബെംഗളൂരുവിൽ തങ്ങിയ പതിനഞ്ച് ബംഗ്ലാദേശ് പൗരൻമാർ പിടിയിലായ കേസിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തടവിലാവുന്നവർ മൂന്ന് മാസത്തിലധികം ഇവിടെ തങ്ങേണ്ടി വരില്ലെന്നാണ് സർക്കാ‍ർ പറയുന്നത്. അതിനുളളിൽ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. സമാനമായ മുപ്പത്തിയഞ്ച് കേന്ദ്രങ്ങൾ തയ്യാറാവുന്നുവെന്നാണ് കർണാടക സർക്കാർ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3 രൂപ വരെ കുറയും, വിലക്കുറവ് ജനുവരി 1 മുതൽ; വമ്പൻ തീരുമാനമെടുത്ത് കേന്ദ്രം, രാജ്യത്ത് സിഎൻജി, പിഎൻജി വില കുറയ്ക്കാൻ താരിഫ് പരിഷ്കരണം
'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം