
റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 47 സീറ്റുകളോടെ കോൺഗ്രസ്, ജെഎംഎം, ആർജെഡി സഖ്യം അധികാരത്തിലേക്ക്. ഇന്ന് തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദം ഹേമന്ത് സോറൻ ഉന്നയിച്ചേക്കും. രഘുബർദാസ് ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിച്ചു. പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ മുഖ്യമന്ത്രിയായി തുടരണമെന്ന് ഗവർണർ രഘുബർദാസിനോട് അഭ്യർത്ഥിച്ചു.
30 സീറ്റുകൾ നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റുകൾ നേടി. ആർജെഡിക്ക് ഒരു സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണ 37 സീറ്റുകൾ നേടിയ ബിജെപിക്ക് ഇത്തവണ 25 സീറ്റുകൾ മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി രഘുബര്‍ദാസും സ്പീക്കറും നാല് മന്ത്രിമാരും പാർട്ടി സംസ്ഥാന അധ്യക്ഷനും കനത്ത തോൽവി ഏറ്റുവാങ്ങിയത് ബിജെപിക്ക് ഇരട്ടിപ്രഹരമായി.
പൗരത്വമടക്കമുള്ള വിഷയങ്ങള്‍ പ്രധാന പ്രചാരണ വിഷയമാക്കിയ ഝാര്‍ഖണ്ഡിൽ പരാജയപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. ആദിവാസി മേഖലകള്‍ ബിജെപിയെ കൈവിട്ടു. രഘുബര്ദാസ് ഭരണത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും വോട്ടര്‍മാര്‍ ഏറ്റെടുത്തു. ഒറ്റയ്യക്ക് മല്‍സരിക്കാനുള്ള തീരുമാനവും തിരിച്ചടിയായി. 65 ലധികം സീറ്റ് നേടി ഒറ്റയ്ക്ക് അധികാരത്തിലെത്താമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍.
Also Read: രാഷ്ട്രീയ ഭൂപടം വീണ്ടും മാറുന്നു: ഹിന്ദി ബെല്‍റ്റില്‍ നിറംമങ്ങി ബിജെപി
മുഖ്യമന്ത്രി രഘുബര്‍ദാസ് മല്‍സരിച്ച ജംഷഡ്പൂര്‍ ഈസ്റ്റില്‍ തോറ്റത് മന്ത്രിസഭാ അംഗമായിരുന്ന സരയൂ റോയിയോടാണ്. പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും ജനവിധി മാനിക്കുന്നതായും രഘുബര്‍ദാസ് പ്രതികരിച്ചു. സംസ്ഥാന വിഷയങ്ങളിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണമെന്ന കോണ്‍ഗ്രസ് ജെഎഎം തന്ത്രമാണ് ഝാര്‍ഖണ്ഡില്‍ ഫലിച്ചത്. മത്സരിച്ച രണ്ടുമണ്ഡലങ്ങളിലും ഹേമന്ത് സോറന്‍ ജയിച്ചു. ജെഎംഎം നേതാവ് ഹേമന്ത് സോറനായിരിക്കും മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam