മഹാരാഷ്ട്രയിൽ നി‍ര്‍ണായക നീക്കവുമായി ബിജെപി: ദേവേന്ദ്ര ഫഡ്നാവിസ് രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുന്നു

Published : Jun 28, 2022, 10:08 PM IST
മഹാരാഷ്ട്രയിൽ നി‍ര്‍ണായക നീക്കവുമായി ബിജെപി: ദേവേന്ദ്ര ഫഡ്നാവിസ് രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുന്നു

Synopsis

ഇന്ന് രാവിലെ ദില്ലിയിൽ നിര്‍ണായക കൂടിക്കാഴ്ചകൾ നടത്തിയ ശേഷമാണ് ഫഡ്നാവിസ് മുംബൈയിലെത്തി ഗവര്‍ണരെ കാണുന്നത്. രാവിലെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിൽ നി‍ര്‍ണായക രാഷ്ട്രീയ നീക്കവുമായി ബിജെപി. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര രാജ്ഭവനിലെത്തി ഗവ‍ര്‍ണറെ കണ്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അടക്കമുള്ള മുതി‍ര്‍ന്ന നേതാക്കൾക്കൊപ്പമാണ് ഫഡ്നാവിസ് ഗവ‍ര്‍ണറെ കാണാൻ എത്തിയത്. ഗവര്‍ണര്‍ക്ക് മുൻപിൽ എന്ത് ആവശ്യമാണ് ഫഡ്നാവിസ് ഉന്നയിക്കുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

ഇന്ന് രാവിലെ ദില്ലിയിൽ നിര്‍ണായക കൂടിക്കാഴ്ചകൾ നടത്തിയ ശേഷമാണ് ഫഡ്നാവിസ് മുംബൈയിലെത്തി ഗവര്‍ണരെ കാണുന്നത്. രാവിലെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.  ബിജെപി ജനറൽ സെക്രട്ടറി അരുണ് സിംഗും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അവിടെ നിന്നും ആഭ്യന്തരമന്ത്രി അമിത് ഷായേയും ഫഡ്നാവിസ് സന്ദ‍ര്‍ശിച്ചു. ദില്ലിയിൽ നിന്നും വൈകുന്നേരത്തോടെ മുംബൈയിൽ എത്തിയ ശേഷമാണ് ദേവേന്ദ്ര ഫഡ്നാവിസ് രാജ്ഭവനിലേക്ക് പോയത്.

ഉദ്ധവ് താക്കറെ സർക്കാറിനെ സമ്മർദത്തിലാക്കിയുള്ള ചില ഇടപെടൽ ഗവര്‍ണര്‍ തുടങ്ങിയതിന് പിന്നാലെയാണ് ഫഡ്നാവിസ് അദ്ദേഹത്തെ കാണുന്നത്. സർക്കാർ താഴെ വീഴുമെന്ന ഭീഷണിക്കിടെ തിരക്കിട്ട് ഉത്തരവുകൾ നടപ്പാക്കിയെന്ന ബിജെപിയുടെ പരാതിയിൽ ഗവർണർ സർക്കാറിനോട് വിശദീകരണം തേടിയിരുന്നു.  വിമത നീക്കം തുടങ്ങിയതോടെ 160ലേറെ സർക്കാർ ഉത്തരവുകൾ നടപ്പാക്കിയെന്നും അതിൽ അഴിമതി ഉണ്ടെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. 

അതേസമയം സഭയിൽ അവിശ്വാസം കൊണ്ടുവന്നാൽ അതിനെ മറികടക്കാനാകുമെന്ന പ്രതിക്ഷയിലാണ് ഉദ്ധവ് പക്ഷം ഇപ്പോഴുള്ളത്. വിമത ക്യാംപിലെ പകുതിയിലധികം എംഎഎൽഎമാരുമായി  ഇപ്പോഴും ചർച്ച നടത്തുന്നുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാൽ അവിശ്വാസമല്ല ഉദ്ദവ് സ്വയം രാജി വച്ചൊഴിയുകയാണ് വേണ്ടതെന്ന് വിമത ക്യാമ്പും ഇന്ന് ആവശ്യപ്പെട്ടു. 

 പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിലേക്ക് വിമത നേതാവ് ഏക്‍നാഥ് ശിൻഡേ ഉടൻ എത്തിയേക്കും. ഗവർണറെ കണ്ട് സഭ വിളിച്ച് ചേർക്കാൻ ആവശ്യപ്പെട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. പ്രോ ടേം സ്പീക്കറെ നിയമിച്ച് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടാനാണ് സാധ്യത. അങ്ങനെയുണ്ടായാൽ ഉദ്ദവ് പക്ഷം സുപ്രീംകോടതിയെ സമീപിക്കും. 

വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ അന്തിമ തീരുമാനം വരും വരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് വാദിക്കും.  ബിജെപി കോർ കമ്മറ്റി യോഗം നാളെ മുംബൈയിൽ നടക്കുന്നുണ്ട്. എംഎൽഎമാരോടെല്ലാം മുംബൈയിലേക്കെത്താൻ പാർട്ടി ആവശ്യപ്പെട്ടിട്ടുമുണ്ട്.അതേസമയം ഉദ്ദവ് താക്കറെ നാളെ മന്ത്രിസഭാ യോഗം വിളിച്ച് ചേ‍ർക്കും. ഇന്നും മന്ത്രിസഭായോഗം ചേർന്നിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്