ബിജെപി-ശിവസേന തര്‍ക്കത്തില്‍ മഞ്ഞുരുകുന്നോ? ഉദ്ധവ് താക്കറേക്ക് നന്ദി പറഞ്ഞ് ഫഡ്നാവിസ്

By Web TeamFirst Published Oct 30, 2019, 3:53 PM IST
Highlights

മുഖ്യമന്ത്രിസ്ഥാനം രണ്ടരവര്‍ഷത്തേക്ക് തങ്ങള്‍ക്കുവേണമെന്ന ശിവ്സേനയുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായത്. ശിവ്സേനയെ പുറത്തുനിന്ന് കോണ്‍ഗ്രസ് പിന്തുണച്ചേക്കും എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വരെ നടന്നു

ദില്ലി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തെച്ചൊല്ലി ബിജെപിക്കും ശിവ്സേനക്കുമിടയിലുള്ള തര്‍ക്കത്തിന് ഉടന്‍ പരിഹാരമാകുമെന്ന സൂചന നല്‍കി ദേവേന്ദ്ര ഫഡ്നാവിസ്. തെര‌ഞ്ഞെടുപ്പ് കാലത്തെ പിന്തുണക്ക് ശിവ്സേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേക്ക് ഫഡ്നാവിസ് നന്ദി പറഞ്ഞു. ഫഡ്നാവിസിനെ നിയമസഭാ കക്ഷി നേതാവായി ബിജെപി തെരഞ്ഞെടുത്തു.

ശിവസേനയുടെ പിന്തുണയില്ലെങ്കിൽ മഹാരാഷ്ട്രയില്‍ ഇത്ര വലിയ ജയം ബിജെപിക്ക് കിട്ടില്ലായിരുന്നു എന്നാണ് ഫഡ്നാവിസ് പറഞ്ഞത്. സംസ്ഥാനത്ത് സർക്കാർ ഉടൻ രൂപീകരിക്കും. ശിവ്സേനയുമായുള്ള തർക്കങ്ങൾ ഉടൻ പരിഹരിക്കും. മഹാരാഷ്ട്രയില്‍ ശിവ്സേന- ബിജെപി സഖ്യസർക്കാർ തന്നെ അധികാരത്തിൽ വരും. അതിൽ ആർക്കും സംശയം വേണ്ടെന്നും ഫഡ്നാവിസ് പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനം രണ്ടരവര്‍ഷത്തേക്ക് തങ്ങള്‍ക്കുവേണമെന്ന ശിവ്സേനയുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായത്. ശിവ്സേനയെ പുറത്തുനിന്ന് കോണ്‍ഗ്രസ് പിന്തുണച്ചേക്കും എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വരെ നടന്നു. മുഖ്യമന്ത്രിസ്ഥാനം ഒരു കാരണവശാലും പങ്കുവയ്ക്കില്ലെന്ന കര്‍ശന നിലപാടാണ് ഫഡ്നാവിസ് ഇതുവരെ സ്വീകരിച്ചിരുന്നത്. അതില്‍ അയവ് വന്നിരിക്കുന്നു എന്ന സൂചനയാണോ ഫഡ്നാവിസിന്‍റെ ഏറ്റവും പുതിയ പ്രസ്താവനയെന്ന അഭ്യൂഹമാണ് ഇപ്പോള്‍ ഉയരുന്നത്. 

ഈ ആഴ്ച തന്നെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന വിവരമാണ് മഹാരാഷ്ട്രയില്‍ നിന്ന് പുറത്തുവരുന്നത്. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടി തുടങ്ങുമെന്നാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ റാവു സാഹേബ് ധന്‍വേ ഏഷ്യാനെറ്റ് ന്യൂസിനോട് രാവിലെ പറഞ്ഞത്. 

Read Also: ബിജെപി-ശിവസേന പോര് മുറുകുന്നു; നിയമസഭാകക്ഷി യോഗത്തിന് ശേഷം സർക്കാർ രൂപീകരിക്കാനുള്ള നടപടി തുടങ്ങിയേക്കും

click me!