നിയമസഭാകക്ഷി യോഗത്തിന് ശേഷം സർക്കാർ രൂപീകരിക്കാനുള്ള നടപടി തുടങ്ങുമെന്ന്‌ മുൻ സംസ്ഥാന അധ്യക്ഷൻ റാവു സാഹേബ് ധൻവേ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുംബൈ: തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപി ശിവസേന പോര് തുടരുന്നതിനിടെ ഏതുവിധേനയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഈ ആഴ്ച തന്നെ ദേവേന്ദ്ര ഫഡ്‍നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. ഇന്ന് ചേരുന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷം സർക്കാർ രൂപീകരിക്കാനുള്ള നടപടി തുടങ്ങുമെന്ന്‌ മുൻ സംസ്ഥാന അധ്യക്ഷൻ റാവു സാഹേബ് ധൻവേ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ അമിത് ഷായും ഉദ്ദവ് താക്കറെയും ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും ധന്‍വേ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്കാണ് ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ചേരുന്നത്. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാനുള്ള സേനയുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് യോഗത്തെ അറിയിക്കും. ആദിത്യ താക്കറെയെ രണ്ടര വർഷം മുഖ്യമന്ത്രിയാക്കുമെന്ന് ഉറപ്പ് തരാതെ ഇനി ചർച്ച വേണ്ടെന്നാണ് ശിവസേനയുടെ നിലപാട്. എന്നാല്‍ ഇല്ലാത്ത വാഗ്‍ദാനത്തിന്‍റെ പേരിൽ കള്ളപ്രചാരണം നടത്തി മുഖ്യമന്ത്രിയാവാമെന്ന് ആരും കരുതേണ്ടെന്ന് ഫഡ്നാവിസ് പറഞ്ഞു. യോഗത്തിന് അമിത് ഷാ നേരിട്ടെത്തുമെന്നും യോഗശേഷം ഉദ്ദവുമായി ചർച്ച നടത്തുമെന്നും ബിജെപി ഓഫീസ് നേരത്തെ അറിയിച്ചിരുന്നെങ്കിലും അമിത് ഷാ വരില്ലെന്ന് വിവരം. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ, ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് അവിനാശ് റായ് ഖന്ന എന്നിവർ പകരം നിരീക്ഷകരായി എത്തും.