
മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ കസബിനെ തിരിച്ചറിഞ്ഞ സാക്ഷിയായിരുന്നു ദേവിക റോട്ടാവൻ. അന്നത്തെ ഒമ്പത് വയസുകാരി ഇന്ന് 24കാരിയാണ്. കസബിനെ ശിക്ഷിച്ചെങ്കിലും പാക്കിസ്ഥാനിൽ സുരക്ഷിതരായി ഇരിക്കുന്ന ആക്രമണത്തിന്‍റെ സൂത്രധാരന്മാരെ കൂടി ഇല്ലാതാക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ദേവിക.
മുംബൈയിൽ ദേവിക ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു. അന്നത്തെ ആക്രമണത്തിൽ ഏറ്റ പരിക്കുകളുടെ പാട് മാറ്റാൻ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ദീരമായാണ് അവൾ പ്രതികരിച്ചത്. ഇല്ല, ഇതെന്‍റെ അടയാളമാണ്. ഈ പാടുകൾ മായ്ച്ചാൽ അത് ഭീകരവാദത്തോട് മാപ്പ് നൽകുന്നത് പോലെ തോന്നുമെന്നായിരുന്നു അവളുടെ വാക്കുകൾ.
നവംബർ 26-ന് സിഎസ്ടി സ്റ്റേഷനിലെ 12-ആം നമ്പർ പ്ലാറ്റ് ഫോമിൽ നിൽക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത്. അച്ഛനും സഹോദരനുമാണ് പൂനയിലേക്കുള്ള യാത്രക്കായി ഒപ്പമുണ്ടായിരുന്നത്. വലിയൊരു തോക്കുമായി അന്ന് കസബിനെ കണ്ടു. ആശുപത്രി വിട്ട ശേഷം രാജസ്ഥാനിലെ ഗ്രാമത്തിലേക്ക് പോയിരുന്നു. അവിടേക്കാണ് മുംബൈ പൊലീസിന്‍റെ ഫോൺ വന്നത്. അച്ഛൻ രണ്ട് തീവ്രവാദികളെ കണ്ടതാണ്. ഞാൻ കസബിനേയും. 2009 ജൂൺ 10നാണ് കോടതിയിലെത്തി കസബിനെ തിരിച്ചറിഞ്ഞത്. കസബിനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. വലിയൊരു ഉദ്യോഗസ്ഥയായി തീവ്രവാദിത്തിനെതിരെ പോരാടണം എന്ന് അന്ന് തന്നെ മനസിൽ ഉറപ്പിച്ചു.
പേടി തോന്നിയില്ലേ എന്ന ചോദ്യത്തിന്, ഒട്ടും തോന്നിയില്ലെന്ന് ദേവികയുടെ ദൈര്യപൂര്‍വമുള്ള മറുപടി. തീവ്രവാദത്തെ ഇല്ലാതാക്കണം എന്ന് മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. കഴിഞ്ഞ വർഷം യുഎൻ സെക്രട്ടറി ജനറലിനെ കാണാൻ അവസരം കിട്ടിയതിനെ കുറിച്ചും അവൾ പറഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. അന്ന് ഞാൻ സംസാരിച്ചതത്രയും ആക്രമണത്തിന് പിന്നിലെ സൂത്രധാനരനെക്കുറിച്ചാണ്. പാക്കിസ്ഥാനിൽ ഇരുന്ന് കസബിനെ പോലെയുള്ളവരെ പറഞ്ഞ് വിടുന്ന ആളെ ഇല്ലാതാക്കണം. ഭാവിയിൽ ഭീകരവാദത്തിനെതിരെ പ്രവർത്തിക്കാൻ കഴിയുന്ന ഒരു ഉദ്യോഗസ്ഥയാകണമെന്നാണ് ആഗ്രഹമെന്നും ദേവിക പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam