ടിഷ്യൂ പേപ്പറിൽ അജ്ഞാതർ കൈ കൊണ്ട് എഴുതിയ നിലയിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്.
അഹമ്മദാബാദ്: ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി. കുവൈറ്റ് ദില്ലി വിമാനം വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കുവൈറ്റിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് തട്ടിക്കൊണ്ട് പോകുമെന്നും ബോംബ് ഭീഷണിയേ തുടർന്നും തിരിച്ച് വിട്ടത്. വിമാനത്തിനുള്ളിലാണ് ടിഷ്യൂ പേപ്പറിൽ ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം വെള്ളിയാഴ്ച രാവിലെ അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ക്രൂ അംഗങ്ങൾ ഉൾപ്പെടെ 80 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ടിഷ്യൂ പേപ്പറിൽ അജ്ഞാതർ കൈ കൊണ്ട് എഴുതിയ നിലയിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. ഭീഷണിയേക്കുറിച്ച് അറിയിപ്പ് ലഭിച്ചതോടെയാണ് എയർ ട്രാഫിക് കൺട്രോൾ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ച് വിട്ടത്. ലാൻഡിംഗിന് പിന്നാലെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ ലഗേജുകളും സ്ക്രീൻ ചെയ്തു. എന്നാൽ സംശയകരമായ ഒന്നും തന്നെ കണ്ടെത്താനായില്ലെന്നാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. സമീപ കാലത്ത് ഇൻഡിഗോ വിമാനങ്ങൾക്കെതിരെ ഇത്തരം ഭീഷണി സന്ദേശം വർദ്ധിച്ചിരുന്നു.
രണ്ട് ആഴ്ച മുൻപാണ് ദില്ലിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര സമാനമായ ഭീഷണിയേ തുടർന്ന് ലക്നൌവ്വിലേക്ക് വഴി തിരിച്ച് വിട്ടിരുന്നു. എന്നാൽ പരിശോധനയിൽ വിമാനത്തിൽ നിന്ന് ഒന്നും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ മാസവും സമാന സംഭവം ഇൻഡിഗോ വിമാനത്തിന് നേരെയുണ്ടായിരുന്നു. ഡിസംബർ ആറിനും ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കേണ്ടി വന്നിരുന്നു. ഇതും ബോംബ് ഭീഷണിയേ തുടർന്നായിരുന്നു.


