ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന് ജാമ്യം

By Web TeamFirst Published Jun 19, 2020, 5:22 PM IST
Highlights

കേസ് അന്വേഷിച്ചിരുന്ന ദില്ലി പൊലീസ് പ്രത്യേക സെൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം. ദേവീന്ദർ സിങിന്റെ അഭിഭാഷകൻ അഡ്വ. എംഎസ് ഖാനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ദില്ലി: രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരവാദികളെ തന്റെ വാഹനത്തിൽ കശ്മീരിൽ നിന്ന് കടത്തുന്നതിനിടെ പിടിയിലായതിനെത്തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്ന ജമ്മു കശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ദേവീന്ദർ സിംഗിന്  ദില്ലിയിലെ കോടതി ജാമ്യം അനുവദിച്ചു.

എന്നാൽ ദേവീന്ദർ സിങ്ങിന് ജാമ്യം ലഭിച്ചത് ദില്ലി പൊലീസ് അന്വേഷിക്കുന്ന മറ്റൊരു കേസിലാണ് എന്നും, തങ്ങളുടെ കേസിൽ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാൽ ദേവീന്ദർ ഇപ്പോഴും ജയിലിൽ തന്നെ തുടരുകയാണ് എന്നുമുള്ള വിശദീകരണവുമായി എൻഐഎ ഇന്നലെ രാത്രിയോടെ എൻഐഎ ട്വീറ്റ് പുറപ്പെടുവിച്ചു.

ദേവീന്ദർ സിംഗിന്റെ മേൽ ദില്ലി പൊലീസ് ചുമത്തിയിരുന്ന മറ്റൊരു ഭീകരവാദ കേസിൽ അവർ കൃത്യ സമയത്ത് കുറ്റപത്രം സമർപ്പിക്കാഞ്ഞതിനെത്തുടർന്ന് അതിൽ കോടതി ദേവീന്ദർ സിങ്ങിന് ജാമ്യം അനുവദിക്കുകയാണ് ഇന്നലെ ഉണ്ടായത്. എന്നാൽ എൻഐഎ കേസിൽ ജാമ്യം കിട്ടിയിട്ടില്ലാത്തതുകൊണ്ട് തൽക്കാലം ദേവീന്ദർ സിങ് ജയിലിൽ തന്നെ തുടരും. തങ്ങൾ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ത്വരിതഗതിയിൽ പുരോഗമിക്കുന്നുണ്ട് എന്നും, ജൂലൈ ആദ്യവാരത്തോടെ കേസിൽ തങ്ങൾ കുറ്റപത്രം സമർപ്പിക്കും എന്നും എൻഐഎ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.  

 

Also Read:

ഡി‌എസ്‌പി ദേവീന്ദർ സിംഗ്; പൊലീസ് പരിശോധനയിൽ അപ്രതീക്ഷിതമായി കുടുങ്ങിയ കൊമ്പൻ സ്രാവ്

 

click me!