ജനുവരി പതിനൊന്നാം തീയതി, ദക്ഷിണ കശ്മീർ ഐജി അകുൽ ഗോയലിന് അവിചാരിതമായി ഒരു രഹസ്യവിവരം കിട്ടി. രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ കശ്മീരിലെ ഷോപ്പിയാനിൽ നിന്ന് ഒരു i10 കാറിൽ ഹൈവേ വഴി പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്ന്. ഈ വിവരം കിട്ടിയതിനുപിന്നാലെ അദ്ദേഹം ഒരു പൂച്ചക്കുഞ്ഞുപോലുമറിയാതെ, പൊലീസിലെ തന്റെ അതിവിശ്വസ്തരായ ചിലരെമാത്രം ഉൾപ്പെടുത്തിക്കൊണ്ട്, കുൽഗാമിലെ മീർ ബസാറിൽ ഒരു മിന്നൽ ബാരിക്കേഡ് ചെക്കിങ് പോയന്റ് സ്ഥാപിച്ച് അവരെ കുടുക്കാനുള്ള വല വിരിച്ചു.  ഈ മിന്നൽ പരിശോധനയിൽ ഹിസ്ബുൾ മുജാഹിദ്ദീന്റെ ഒരു കൊടുംഭീകരൻ പൊലീസിന്റെ വലയിൽ കുടുങ്ങി. നവീദ് മുഷ്‌താഖ്‌ ബാബു. നവീദ്, 2017 വരെ സേനയുടെ ഭാഗമായിരുന്ന ആളാണ്. കോൺസ്റ്റബിൾ ആയി സേവനമനുഷ്ഠിച്ചിരുന്ന നവീദ് ജോലിയുപേക്ഷിച്ച് ഭീകരവാദിയാവുകയായിരുന്നു. പിടിക്കപ്പെടുമ്പോൾ അയാൾ റിയാസ് നായികൂ കഴിഞ്ഞാൽ ഹിസ്‍ബു‍ള്‍ മുജാഹിദ്ദീനില്‍ സ്ഥാനക്രമത്തിൽ രണ്ടാമനായി ഉയർന്നു കഴിഞ്ഞിരുന്നു. കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കപ്പെടുകയും, സംസ്ഥാനപദവി നഷ്ടപ്പെട്ട് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കപ്പെടുകയും, വിശിഷ്ടപദവി നഷ്ടപ്പെടുകയും ഒക്കെ ചെയ്ത സാഹചര്യത്തിൽ ഉണ്ടായ സംഘർഷങ്ങൾക്കിടെ 11 ഇതരസംസ്ഥാന തൊഴിലാളികളെ വധിച്ച കേസിൽ പ്രധാന പ്രതിയായിരുന്ന നവീദിനെ പൊലീസ് അന്നുമുതൽ തേടിക്കൊണ്ടിരുന്നതാണ്. 

അപ്രതീക്ഷിതമായി വലയിൽ കുടുങ്ങിയ കൊമ്പൻ സ്രാവ് 

എന്നാൽ, അന്ന് പൊലീസിന് കിട്ടിയ ശരിക്കുളള 'ക്യാച്ച്' അതൊന്നുമല്ലായിരുന്നു. അത് അവരിൽ ഒരാൾ തന്നെയായിരുന്നു. പൊലീസ് സേനയുടെ ഓരോ നീക്കങ്ങളും അറിഞ്ഞുകൊണ്ട്, അതൊക്കെ ഭീകരർക്ക് ചോർത്തിനല്കിക്കൊണ്ടിരുന്ന, സേനയ്ക്കുള്ളിലെ ആട്ടിൻതോലിട്ട ചെന്നായ, ശ്രീനഗർ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഡിഎസ്‍പി ദേവീന്ദർ സിങ്.  

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രസിഡന്റിന്റെ വിശിഷ്ടസേവാമെഡൽ നേടിയ ഡെക്കറേറ്റഡ് പൊലീസ് ഓഫീസറാണ് ദേവീന്ദർ സിങ് എന്നത് ഈ സംഭവത്തിന്റെ ഗൗരവം ഇരട്ടിപ്പിക്കുന്നു. എന്നും ഒറ്റപ്പെട്ട ഒരു പ്രകൃതമായിരുന്നു ദേവീന്ദർ സിങിന്റേത് എന്ന് കശ്മീർ പൊലീസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അറസ്റ്റിനുശേഷം ദേവീന്ദർ സിംഗിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു എകെ 47 യന്ത്രത്തോക്കും, രണ്ട് പിസ്റ്റലുകളും പൊലീസ് കണ്ടെടുത്തിരുന്നു. നവീദിന്റെ വെളിപ്പെടുത്തലിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഒരു എകെ 47 യന്ത്രത്തോക്കും, ഒരു പിസ്റ്റലും, ഗ്രനേഡുകളും വേറെയും കണ്ടെടുക്കുകയുണ്ടായി. അവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും ആയുധങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു.

ദേവീന്ദർ സിംഗ്  ഇങ്ങനെ ഭീകരർക്കൊപ്പം പിടിക്കപ്പെട്ടതോടെ കുപ്പി തുറന്ന് പുറത്തു ചാടിയിരിക്കുന്നത് നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ കൂടിയാണ്. ഏറെ ദുരൂഹമായ പശ്ചാത്തലമുള്ള ഈ പൊലീസ് ഓഫീസറുമായി ബന്ധപ്പെടുത്തിക്കൊണ്ട് നിരവധി കഥകൾ താഴ്വരയിലെ പൊലീസ്/ പ്രസ് സർക്കിളുകളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  

സംശയകരമായ പ്രവർത്തനങ്ങളുടെ പേരിൽ കഴിഞ്ഞ രണ്ടു മാസമായി ഡിഎസ്‍പി ദേവീന്ദർ സിങ്ങും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തീവ്രവാദികൾ തമ്മിലുള്ള ടെലിഫോൺ സംഭാഷണങ്ങൾ ചോർത്തിക്കൊണ്ട് ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിലാണ്, ഭീകരരുടെ 'ഏജന്റാ'ണ് ദേവീന്ദർ സിങ് എന്ന സത്യം വെളിപ്പെടുന്നത്. അന്ന് മുതൽക്കുതന്നെ ദേവീന്ദറിനെ കുടുക്കാനുള്ള അവസരവും പാർത്തിരിക്കുകയായിരുന്നു പൊലീസ്. എന്നാൽ, പിടിക്കപ്പെട്ടപ്പോൾ ദേവീന്ദർ സിങ് പറഞ്ഞത് താൻ നിരപരാധിയാണെന്നും, ആ താൻ ആ തീവ്രവാദികൾ തന്നോട് കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചതിന്റെ പേരിൽ അവരെ അതിനുവേണ്ടി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ്. എന്നാൽ, വെവ്വേറെ ചോദ്യം ചെയ്ത വേളയിൽ ഈ രണ്ടു തീവ്രവാദികളും അങ്ങനെ ഒരു കാര്യത്തെപ്പറ്റി പരാമർശിക്കുകപോലും ചെയ്തില്ല. എന്തായാലും, ദേവീന്ദർ സിങ് പൊലീസിന്റെ ഭാഗമായിരുന്നു ഇതുവരെ എങ്കിലും യാതൊരു ദാക്ഷിണ്യവും ഇക്കാര്യത്തിൽ പ്രതീക്ഷിക്കേണ്ടതില്ലെന്നും, തീവ്രവാദികളെ കൈകാര്യം ചെയ്യുന്നപോലെ തന്നെ സിങ്ങിനെയും കൈകാര്യം ചെയ്യുമെന്നും ഡിഐജി ദക്ഷിണ കശ്മീർ അകുൽ ഗോയൽ ഐപിഎസ് പറഞ്ഞു. പിടിയിലായ നാലുപേർക്കുമെതിരെ ഇന്ത്യൻ ആംസ് ആക്റ്റ്, എക്സ്പ്ലോസീവ് സബ്സ്റ്റൻസസ് ആക്റ്റ്, യുഎപിഎ തുടങ്ങിയ നിയമങ്ങൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ  ചെയ്യപ്പെട്ടിട്ടുണ്ട്.  

ആരാണ് ദേവീന്ദർ സിങ് ? 

കശ്മീർ താഴ്വരയിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പശ്ചാത്തലമുള്ള പൊലീസുകാരനാണ് ദേവീന്ദർ സിങ്. കൊടിയ പീഡനങ്ങളുടെയും, നിർദ്ദയമുള്ള കൊലപാതകങ്ങളുടെയും, ബലാത്സംഗങ്ങളുടെയും പേരിൽ മനുഷ്യാവകാശ സംഘടനകൾ എന്നും സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുള്ള പൊലീസിന്റെ നുഴഞ്ഞുകയറ്റ വിരുദ്ധ വിഭാഗമാണ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്. 

ദേവീന്ദറിന്റെ പേര് ആദ്യമായി സംശയത്തിന്റെ ചുവയോടെ ഉയർന്നു കേൾക്കുന്നത് 2001 -ലെ പാർലമെന്റ് ഭീകരാക്രമണത്തോടെയാണ്. അതിനുശേഷം പൊലീസ് ഈ കേസിൽ അറസ്റ്റുചെയ്ത അഫ്സൽ ഗുരു 2004 -ൽ തിഹാർ ജയിലിൽ കിടക്കുന്ന വേളയിൽ, തന്റെ അഭിഭാഷകനെഴുതിയ കത്തിൽ, ദില്ലിയിൽ ആക്രമണം നടക്കുന്നതിനു മുമ്പ് തന്നെ കസ്റ്റഡിയിലെടുത്തത് ക്രൂരമായി പീഡിപ്പിച്ച ദേവീന്ദർ സിങ്, 'ഒരു ചെറിയ ഉപകാരം' എന്ന നിലയ്ക്കാണ് 2001 -ൽ ആക്രമണം നടക്കുന്നതിനുമുമ്പ്,  മുഹമ്മദ് എന്നുപേരായ ഒരാൾക്ക് ദില്ലിയിൽ വാടകയ്ക്ക് വീടെടുത്ത് നൽകാനും ഒരു കാർ വാങ്ങി നൽകാനും ആവശ്യപ്പെട്ടത്. തന്നെ നഗ്നനാക്കി കിടത്തി, രഹസ്യഭാഗങ്ങളിൽ പെട്രോൾ ഒഴിച്ചശേഷം, മണിക്കൂറുകളോളം അവിടെ ഷോക്കടിപ്പിച്ച ദേവീന്ദർ ഒടുവിൽ പീഡനം നിർത്താൻ വേണ്ടി എട്ടു ലക്ഷം രൂപ തന്നിൽ നിന്ന് ഈടാക്കി എന്നും, ആ പണം ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ വിറ്റാണ് നൽകിയത് എന്നും അഫ്സൽ ഗുരു തന്റെ കത്തിൽ പറഞ്ഞിരുന്നു.  

മാത്രമല്ല, ദേവീന്ദർ സിങ് തന്നെ, സത്യവാങ്മൂലത്തിൽ അഫ്സൽ ഗുരു പറഞ്ഞ അതേരീതിയിൽ താൻ അയാളെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് 2006 -ൽ പർവേസ് ബുഖാരി എന്ന ജേർണലിസ്റ്റിനു നൽകിയ അഭിമുഖത്തിൽ പീഡനത്തിന്റെ വിശദമായ വിവരണങ്ങളോടെ തന്നെ തുറന്നുസമ്മതിച്ചിരുന്നു. അന്ന്, അഫ്സൽ ഗുരു ദില്ലിയിൽ വേണ്ട സഹായങ്ങൾ ചെയ്തു നൽകിയ കാശ്മീരി, മുഹമ്മദ്, പിന്നീട് ഡിസംബർ 13 -ന് ഇന്ത്യൻ പാർലമെന്റ് ആക്രമിച്ച  ഭീകരസംഘത്തിന്റെ ഭാഗമായിരുന്നു. ആ ആക്രമണക്കേസിലെ ഭീകരർക്ക് വേണ്ട സഹായങ്ങൾ നൽകിയതിന്റെ പേരിൽ അഫ്സൽ ഗുരുവിനെ, 2013 ഫെബ്രുവരിയിൽ തൂക്കിക്കൊന്നിരുന്നു.

അവിചാരിതമായി ലഭിച്ച രഹസ്യവിവരം 

ഡിഐജി അതുൽ ഗോയൽ നേരിട്ടാണ് ഈ ഓപ്പറേഷൻ നയിച്ചതെന്ന് പറയപ്പെടുന്നു. രണ്ട് ഭീകരർ വരുന്നുണ്ട് എന്ന വിവരം മാത്രമാണ് ആദ്യം പൊലീസിന് ഉണ്ടായിരുന്നത്. വളരെ വേഗത്തിൽ ഓടിച്ചുവന്ന കാറിനെ ഏറെ പണിപ്പെട്ടാണ് പൊലീസ് തടഞ്ഞു നിർത്തിയതും ഏറെ സാഹസികമായി കസ്റ്റഡിയിലെടുത്തതും. കാറിനുള്ളിൽ ഭീകരർക്കൊപ്പം ഇരിക്കുന്ന ദേവീന്ദർ സിംഗിനെ അപ്രതീക്ഷിതമായി കാണേണ്ടി വന്നപ്പോൾ, ക്ഷുഭിതനായ ഡിഐജി അകുൽ ഗോയൽ ഐപിഎസ്, സിംഗിനെ പല തവണ കരണത്തടിച്ചു എന്ന് സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബനിഹാൽ കടന്ന് അവർ ജമ്മുവിലേക്ക് പോയിരുന്നു എങ്കിൽ പിന്നെ അവരെ ആർക്കും പിടിക്കാൻ സാധിക്കുമായിരുന്നില്ല എന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. 

ഡിഎസ്പി ദേവീന്ദർ സിങ് അവരെ സുരക്ഷിതമായി ജമ്മുവിൽ എത്തിക്കാനുള്ള 'കാരിയർ' ആയിരുന്നു എന്നാണ് പ്രാഥമികമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിഎസ്‍പി ഇരിക്കുന്ന കാർ ആരും പരിശോധിക്കാൻ ധൈര്യപ്പെടില്ലല്ലോ. സാമ്പത്തികമായ നേട്ടങ്ങൾക്കുവേണ്ടിയാവാം ദേവീന്ദർ സിങ് ഇങ്ങനെ പ്രവർത്തിച്ചത് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, വിശദമായ അന്വേഷണങ്ങൾ പൂർത്തിയാകാതെ ഒന്നും ഉറപ്പിക്കാൻ സാധിക്കില്ല. എന്തായാലും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് താഴ്വരയിലുടലെടുത്ത പ്രതിഷേധങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ഈ വേളയിൽ, അവിടെ ക്രമസമാധാനം പാലിക്കാൻ നിയുക്തനായ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ, ഹിസ്ബുൾ മുജാഹിദ്ദീന്റെ കൊടുംതീവ്രവാദികൾക്കൊപ്പം അറസ്റ്റിലാകുന്നത് താഴ്വരയിലെ ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളുടെ മൊത്തം പ്രതിച്ഛായക്ക് ഭംഗം സൃഷ്ടിക്കുന്ന ഒന്നാണ്