
ബെംഗളൂരു: ബെംഗളൂരു ഹോസ്കോട്ടയിൽ എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലി നൽകാൻ നീക്കം. വീട്ടിനുള്ളിൽ ബലിത്തറയടക്കം സജ്ജമാക്കിയിരുന്നുവെങ്കിലും സമീപവാസികൾ നടത്തിയ ഇടപെടലിൽ വിവരമറിഞ്ഞെത്തിയ ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥർ കുഞ്ഞിനെ രക്ഷപ്പെടുത്തി. സംഭവത്തിൽ ജനതാ നഗറിൽ താമസിക്കുന്ന സെയിദ് ഇമ്രാനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൗർണമി നാളായ ഇന്നലെ കുഞ്ഞിനെ ബലി നൽകാനുള്ള നീക്കമാണ് ശിശു സംരക്ഷണ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ പൊളിഞ്ഞത്. സാമ്പത്തിക പ്രതിസന്ധി നീങ്ങും എന്ന് വിശ്വസിച്ച് ഇന്നലെയാണ് സുളിബലെ ഗ്രാമത്തിലെ ജനതാ നഗറിൽ താമസിക്കുന്ന ഇമ്രാൻ കുഞ്ഞിനെ ബലി നൽകാനുള്ള നീക്കം നടത്തിയത്. ഇതിനായി വീട്ടിനുള്ളിൽ തന്നെ ബലിത്തറയടക്കം സജ്ജമാക്കുകയും ചെയ്തു. ഇമ്രാന്റെ വീട്ടിൽ നടക്കുന്ന അസാധാരണ നടപടികൾ ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികൾ ഇടപെടുകയായിരുന്നു. ഇമ്രാനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ ശിശു സംരക്ഷണ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു നാട്ടുകാർ. ഉദ്യോഗസ്ഥർ കുതിച്ചെത്തിയപ്പോഴേക്കും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞിരുന്നു.
എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഇമ്രാൻ ബലി കൊടുക്കാൻ തുനിഞ്ഞിരുന്നത്. ഈ കുഞ്ഞിനെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി ശിശു സംരക്ഷണ ഭവനിലേക്ക് മാറ്റി. ഇമ്രാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെയ്ദ് ഇമ്രാൻ ബലി നൽകാൻ തുനിഞ്ഞ കുഞ്ഞ് അദ്ദേഹത്തിന്റെതല്ലെന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ അറിയിച്ചു. എട്ടുമാസം പ്രായമുള്ള ഈ കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയതാണ് എന്നാണ് ഇമ്രാൻ്റെ മൊഴി. ആരിൽ നിന്നാണ് ഈ കുഞ്ഞിനെ വാങ്ങിയത് എന്ന് വ്യക്തമായിട്ടില്ല. കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനെ ബലി നൽകിയാൽ സാമ്പത്തിക പ്രതിസന്ധി മാറും എന്ന് ഇമ്രാനെ മറ്റാരെങ്കിലും വിശ്വസിപ്പിച്ചതാണോ എന്ന് കണ്ടെത്താനും നീക്കം തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് മന്ത്രവാദം, ആഭിചാരക്രിയ എന്നിവ നടത്തുന്ന ആളുകളെ കുറിച്ചുള്ള വിവരവും പോലീസ് ശേഖരിച്ചിട്ടുണ്ട്. സുളിബലെ പോലീസാണ് സംഭവത്തിൽ കേസെടുത്തു അന്വേഷണം നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam