സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകി

Published : Jul 06, 2022, 02:47 PM ISTUpdated : Jul 24, 2022, 11:55 AM IST
സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകി

Synopsis

കഴിഞ്ഞ 18 ദിവസത്തിനിടെ 8 തകരാറുകൾ ആണ് റിപ്പോർട്ട് ചെയ്തത്

ദില്ലി: സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്ക് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. വിമാനങ്ങൾ നിരന്തരം തകരാറ് മൂലം തിരിച്ചിറക്കിയതാണ് ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ 18 ദിവസത്തിനിടെ 8 തകരാറുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ദുബൈക്ക് പുറപ്പെട്ട ദില്ലിയിൽ നിന്നുള്ള വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയതടക്കമുള്ള വിഷയങ്ങൾ നേരത്തെ തന്നെ ഡിജിസിഎയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.

സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ തകരാറുകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തില്‍ ഡിജിസിഎ വിശദീകരണം തേടി. സ്പൈസ് ജെറ്റ് വിമാനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ഡിജിസിഎ സ്പൈസ് ജെറ്റിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും, സുരക്ഷയെ ബാധിക്കുന്ന ചെറിയ സംഭവങ്ങളിലും കർശനമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ട്വിറ്ററില്‍ കുറിച്ചു. 

സ്പൈസ് ജെറ്റിന്റെ ദില്ലിയിൽ നിന്നും ദുബായിലേക്ക് പോയ വിമാനം പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയ സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ന് രാവിലെ ദുബൈയിലേക്ക് പറന്നുയർന്ന വിമാനം യാത്രക്കിടെ കറാച്ചി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. വിമാനത്തിന്റെ ഇന്റിക്കേറ്റർ ലൈറ്റിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം പാക്കിസ്ഥാനിൽ അടിയന്തിരമായി ഇറക്കിയതെന്നാണ് വിമാനക്കമ്പനി നൽകിയ വിശദീകരണം.

എമർജൻസി ലാന്റിങായിരുന്നില്ലെന്നും സാധാരണ നിലയിലുള്ള ലാന്റിങായിരുന്നുവെന്നും വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു. തകരാർ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു വിമാനം കറാച്ചിയിലേക്ക് അയച്ചത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചു. കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് വന്നതിന് പിന്നാലെയാണ് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ യാത്രക്കാരെ കറാച്ചി വിമാനത്താവളത്തിലെ ട്രാൻസിറ്റ് ലോഞ്ചിലേക്ക് മാറ്റിയിരുന്നു. വിമാനത്തിന്റെ തകരാറ് എഞ്ചിനീയർമാർ പരിശോധിക്കുകയാണെന്നാണ് വിവരം. എഞ്ചിനീയർമാർ പരിശോധിച്ച് ക്ലിയറൻസ് നൽകിയ ശേഷം മാത്രമേ ഈ വിമാനം ഇനി കറാച്ചിയിൽ നിന്ന് ദുബൈക്ക് പറക്കുകയുള്ളൂ. അല്ലെങ്കിൽ യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ യാത്ര ഉറപ്പാക്കേണ്ടി വരും. 

PREV
click me!

Recommended Stories

ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ
10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച