
ദില്ലി: തുടർച്ചയായുണ്ടാവുന്ന റൺവേ അപകടങ്ങളുടെയും, മഴയുടെയും പശ്ചാത്തലത്തിൽ വിമാനയാത്രകൾ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഡിജിസിഎയുടെ ഉത്തരവ്. യാത്ര സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സര്‍ക്കുലറില്‍ അനുഭവസന്പന്നരായ പൈലറ്റുമാരുടെ സേവനം ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.
ജയ്പ്പൂരിൽ നിന്ന് 167 യാത്രക്കാരുമായി മുംബൈയിലെത്തിയ സ്പൈസ്ജെറ്റ് വിമാനം കഴിഞ്ഞ ദിവസം റൺവേയിൽ തെന്നി നീങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു. രണ്ട് ദിവസം മുൻപ് സൂററ്റ് വിമാനത്താവളത്തിലും മംഗളൂരു വിമാനത്താവളത്തിലും റൺവേയിൽ വിമാനം തെന്നിമാറിയുണ്ടായ അപകടങ്ങളുണ്ടായി.
അടിക്കടിയുണ്ടാകുന്ന ഈ സംഭവങ്ങളാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കര്‍ശന നിലപാടിലേക്ക് നീങ്ങാന്‍ കാരണം. ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഡിജിസിഎ ഉദ്ദേശിക്കുന്നത്. വിമാനത്താവളങ്ങളിൽ മതിയായ വെളിച്ചം കിട്ടാനുള്ള സംവിധാനങ്ങൾ ഉറപ്പു വരുത്താനും, വിമാനം പറന്നുയരുമ്പോഴും നിലത്തിറക്കുമ്പോഴും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സര്‍ക്കറുലറില്‍ നിര്‍ദ്ദേശങ്ങളുണ്ട്.
പൈലറ്റുൾപ്പെടെ കോക്ക്പിറ്റിലുള്ള എല്ലാ അംഗങ്ങളും അനുഭവസമ്പന്നരായിരിക്കണം. കാലാവസ്ഥയെപ്പറ്റി കൃത്യമായ ധാരണയുണ്ടാവണം. സുരക്ഷിതമായ ലാന്‍റിംഗ് ഉറപ്പിക്കാനാവാത്ത സാഹചര്യങ്ങളിൽ എടുക്കേണ്ട മുൻകരുതലുകളെപ്പറ്റിയും സർക്കുലറില്‍പ്പറയുന്നു.
പ്രതികൂല കാലാവസ്ഥയും റൺവേയിലെ തെന്നിമാറലും കാരണം അൻപതിലേറെ വിമാനങ്ങളാണ് വിവിധയിടങ്ങളിലായി കഴിഞ്ഞ നാല്പത്തിയെട്ട് മണിക്കൂറിനിടെ റദ്ദാക്കിയത്. കനത്ത മഴയെത്തുടർന്ന് റൺവേ അടച്ച മുംബൈ വിമാനത്താവളത്തിൽ സർവ്വീസുകൾ പുനസ്ഥാപിക്കാൻ 48 മണിക്കൂറെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam