
ചെന്നൈ: സമയത്തിന്‍റെ വില അറിയാത്തവര്‍ക്ക്, എട്ടിന്‍റെ പണി കൊടുത്ത് തമിഴ്നാട്ടിലെ പഞ്ചായത്ത് പ്രസിഡന്‍റ്. കാര്‍ നന്നാക്കാൻ വൈകിയ സര്‍വീസ് സെന്‍ററിലെ ജീവനക്കാര്‍ക്ക് അരുൾ മുരുകൻ നൽകിയ പണി ചില്ലറയൊന്നുമല്ല !
ഒന്നും രണ്ടുമല്ല, 40,000 രൂപയുടെ നാണയത്തുട്ടുകളാണ് കാര്‍ സര്‍വീസ് സെന്‍ററിലെ ജീവനക്കാര്‍ എണ്ണിയത്. സമയത്തിന് പണി തീര്‍ക്കാതിരുന്നതിന് കിട്ടിയ മുട്ടൻ പണി. തിരുവള്ളൂര്‍ തൊഴുതാവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അരുൾ മുരുകൻ കഴിഞ്ഞ മാസം 13നാണ് 50 കിലോമീറ്റര്‍ അകലെയുള്ള വേലപ്പൻചാവടിയിലെ സര്‍വീസ് സെന്‍ററില്‍ കാര്‍ അറ്റകുറ്റപണിക്ക് നൽകിയത്. ക്രിസ്മസ് കഴിഞ്ഞിട്ടും പണി തീര്‍ന്നില്ല. 26ആം തീയതി ജീവനക്കാര്‍ പറഞ്ഞത് അനുസരിച്ച് സര്‍വീസ് സെന്‍ററിലെത്തിയപ്പോഴും പതിവു മറുപടി.
ഇതോടെ സഹികെട്ട അരുൾ അടുത്തുള്ള ക്ഷേത്രങ്ങളിലും പള്ളികളിലും പോയി 40,000 രൂപയുടെ ചില്ലറ തരപ്പെടുത്തി. കാര്‍ തിരികെ വാങ്ങാനെത്തിയപ്പോള്‍ കൂലിയായി തുണിസഞ്ചിയിലിട്ട് പണവും നൽകി. ചില്ലറപ്പണിയല്ലെന്ന് മനസ്സിലാക്കിയ ജീവനക്കാര്‍, പണം പിന്നീട് മതിയെന്ന് പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയെങ്കിലും അരുൾ വിട്ടില്ല. ഒടുവിൽ മുഴുവനും എണ്ണിത്തീര്‍ക്കാൻ വേണ്ടിവന്നത് 4 മണിക്കൂര്‍. സമയത്തിന്‍റെ വില അറിയാത്തവരുടെ സമയം മെനക്കെടുത്താൻ അറ്റകൈ പ്രയോഗമാണ് പഞ്ചായത്ത് പ്രസിഡന്‍റ് നടത്തിയത്.