നോട്ട് നിരോധിച്ചപ്പോൾ ഒരു ബിജെപി നേതാവിനെയെങ്കിലും ക്യൂവിൽ കണ്ടോ? പ്രിയങ്ക ഗാന്ധി

By Web TeamFirst Published May 8, 2019, 7:17 PM IST
Highlights

നോട്ട് നിരോധിച്ച് ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ സാധാരണക്കാരെ ക്യൂ നിൽക്കാൽ നിർബന്ധിച്ചതല്ലാതെ ഏതെങ്കിലും ധനികനോ ബിജെപി നേതാവോ ക്യൂ നിന്നോയെന്ന് പ്രിയങ്ക ഗാന്ധി

അമ്പാല: മോദി സർക്കാർ നോട്ട് നിരോധിച്ചപ്പോൾ ഒരു ബിജെപി നേതാവിനെയെങ്കിലും സാധാരണക്കാർക്കൊപ്പം ക്യൂവിൽ കണ്ടോയെന്ന് പ്രിയങ്ക ഗാന്ധി. ഹരിയാനയിലെ അമ്പാലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. "ഒരു ബിജെപി നേതാവിനെയോ, ധനികനെയോ നിങ്ങൾ ക്യൂവിൽ കണ്ടോ?" എന്നായിരുന്നു ജനങ്ങളോട് പ്രിയങ്കാ ഗാന്ധി ചോദിച്ചത്.

"ബിജെപിയുടെ സീനിയർ നേതാക്കൾ അമേരിക്കയിൽ പോകാറുണ്ട്. ജപ്പാനിൽ പോകാറുണ്ട്. പാക്കിസ്ഥാനിൽ പോയി ബിരിയാണി കഴിക്കാറുണ്ട്. ജപ്പാനിൽ ധോൽ അടിക്കാറുണ്ട്.ചൈനയിൽ പോയാൽ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും കെട്ടിപ്പിടിക്കാറുണ്ട്. എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ മുന്നിലേക്ക് അവർ വരാറേയില്ല. ഗ്രാമങ്ങളിലെ കർഷകരോട്, ഹിന്ദുസ്ഥാനിലെ യുവാക്കളോട്, ഹിന്ദുസ്ഥാനിലെ സ്ത്രീകളോട് അവരെങ്ങിനെ ജീവിക്കുന്നുവെന്ന് ചോദിക്കാൻ അവർ ഇതുവരെ വന്നിട്ടില്ല. ഇതാണ് പ്രധാനമന്ത്രിയെയും സർക്കാരിനെയും കുറിച്ചുള്ള സത്യം," പ്രിയങ്ക ഗാന്ധി തുറന്നടിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്നും ആർക്കെങ്കിലും ആ പണം കിട്ടിയോ എന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറയുന്ന ബിജെപിയുടെ സർക്കാരിന്റെ കാലത്താണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 12000 കർഷകർ രാജ്യത്ത് ആത്മഹത്യ ചെയ്തതെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

click me!