ശിക്ഷ കഴിഞ്ഞു, ഇനി ഇന്ത്യയിൽ താമസമാക്കണമെന്ന് ശ്രീലങ്കൻ സ്വദേശി; ഇന്ത്യ ധര്‍മ്മശാലയല്ലെന്ന് സുപ്രിംകോടതി

Published : May 19, 2025, 10:33 PM ISTUpdated : May 20, 2025, 03:20 PM IST
ശിക്ഷ കഴിഞ്ഞു, ഇനി ഇന്ത്യയിൽ താമസമാക്കണമെന്ന് ശ്രീലങ്കൻ സ്വദേശി; ഇന്ത്യ ധര്‍മ്മശാലയല്ലെന്ന് സുപ്രിംകോടതി

Synopsis

 140 കോടി ജനസംഖ്യയുള്ള രാജ്യം വിദേശികൾക്കുള്ള 'ധർമ്മശാല' ആകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ദില്ലി: റോഹിങ്ക്യൻ മുസ്ലീങ്ങളുടെ നാടുകടത്തലിനെതിരായ അപേക്ഷ തള്ളിയതിന് പിന്നാലെ, യുഎപിഎ പ്രകാരം ഏഴ് വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ ശ്രീലങ്കൻ പൗരന്റെ ഇന്ത്യയിൽ സ്ഥിരതാമസമാക്കാനുള്ള അപേക്ഷയും സുപ്രീം കോടതി തള്ളി. 140 കോടി ജനസംഖ്യയുള്ള രാജ്യം വിദേശികൾക്കുള്ള 'ധർമ്മശാല' (സൗജന്യ അഭയകേന്ദ്രം) ആകാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ശ്രീലങ്കൻ സൈന്യം തകർത്ത ഒരു വിഘടനവാദ സംഘടനയായ  എൽടിടിഇയുമായി ബന്ധമുണ്ടെന്നാരോപിച്ച് 2015 ലാണ് ശ്രീലങ്കൻ പൗരനെ അറസ്റ്റ് ചെയ്തത്. 2018 ൽ തമിഴ്‌നാട്ടിലെ ഒരു വിചാരണ കോടതി ഇയാളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 10 വർഷത്തെ തടവിന് ശിക്ഷിക്കുകയും ആയിരുന്നു.

എന്നാൽ, 2022 ൽ മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴ് വർഷമായി കുറയ്ക്കുകയും ജയിൽ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാൾ തമിഴ് അഭയാർത്ഥി ക്യാമ്പിൽ താമസിപ്പിച്ച് എത്രയും പെട്ടെന്ന് നാടുകടത്തണമെന്നും ഉത്തരവിട്ടിരുന്നു. എന്നാൽ ഭാര്യയും കുട്ടികളും ഇന്ത്യയിൽ സ്ഥിരതാമസമാക്കിയെന്നും, ഏഴ് വർഷം തടവിൽ കഴിഞ്ഞതിനാൽ അദ്ദേഹത്തിനും ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹമുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. ജീവിക്കാനുള്ള അവകാശവും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശവും ശ്രീലങ്കൻ പൗരനുണ്ടെന്നും അദ്ദേഹം വാദിച്ചു.

ഈ വാദങ്ങളെല്ലാം തള്ളിയ ജസ്റ്റിസുമാരായ ദീപങ്കർ ദത്തയും കെ വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ച്, ശ്രീലങ്കൻ പൗരന് ജീവിക്കാനുള്ള അവകാശമുണ്ടെങ്കിലും ഇന്ത്യയിൽ താമസിക്കാനോ സ്ഥിരതാമസമാക്കാനോ അവകാശമില്ലെന്ന് വ്യക്തമാക്കി. "ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ ഇന്ത്യ ഒരു ധർമ്മശാലയാണോ? 140 കോടി ജനസംഖ്യയുമായി നമ്മൾ തന്നെ ബുദ്ധിമുട്ടുകയാണ്. ലോകമെമ്പാടുമുള്ള വിദേശികളെ സ്വീകരിക്കാൻ ഇന്ത്യ ഒരു ധർമ്മശാലയല്ല" എന്നും കോടതി പറഞ്ഞു.
 
ശ്രീലങ്കൻ പൗരൻ എൽടിടിഇയുടെ ഭാഗമായിരുന്നതിനാൽ അദ്ദേഹത്തെ ശ്രീലങ്കയിലേക്ക് നാടുകടത്തിയാൽ ജീവന് അപകടമുണ്ടാകുമെന്ന് പറഞ്ഞു. മറ്റേതെങ്കിലും രാജ്യത്തേക്ക് മാറാൻ ബെഞ്ച് നിർദ്ദേശിച്ചു. ഇവിടെ സ്ഥിരതാമസമാക്കാൻ നിങ്ങൾക്ക് എന്ത് അവകാശമാണുള്ളതെന്നും ജസ്റ്റിസ് ദത്ത ചോദിച്ചു.

മെയ് എട്ടിന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദത്ത, എൻ. കോടിശ്വർ സിംഗ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചും സമാനമായ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. മുതിർന്ന അഭിഭാഷകരായ കോളിൻ ഗോൺസാൽവസും പ്രശാന്ത് ഭൂഷണും റോഹിങ്ക്യൻ മുസ്ലീങ്ങളെ മ്യാൻമറിലേക്ക് നാടുകടത്തുന്നതിനെതിരെ സ്റ്റേ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്. ഇന്ത്യയിൽ താമസിക്കാൻ അവർക്ക് എന്തവകാശമാണുള്ളതെന്നും ബെഞ്ച് ചോദിച്ചിരുന്നു. താമസിക്കാനുള്ള അവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രമുള്ളതാണ്. അത് വിദേശികൾക്കല്ല എന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ