
കൊല്‍ക്കത്ത: കുഞ്ഞുങ്ങളെ മടിയിലിരുത്തി വിദേശ ഫണ്ട് കൊണ്ട് വാങ്ങിയ ബിരിയാണി കഴിച്ച് വിദ്യാഭ്യാസമില്ലാത്ത ബുര്‍ഖ ധരിച്ച സ്ത്രീകളാണ് ഷഹീന്‍ ബാഗിലും കൊല്‍ക്കത്ത പാര്‍ക്ക് സര്‍ക്കസിലും പ്രതിഷേധിക്കുന്നതെന്ന് ബിജെപി ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. ദില്ലി നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ കാരണങ്ങളില്‍ നേതാക്കള്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളുമുണ്ടെന്ന അമിത് ഷായുടെ പ്രതികരണം വന്ന് 24 മണിക്കൂറിനുള്ളിലാണ് ദിലീപ് ഘോഷിന്‍റെ വാക്കുകളെന്നുള്ളതാണ് ശ്രദ്ധേയം.
ദരിദ്രരായ ബോധമില്ലാത്ത ആളുകളെയാണ് വഴിയില്‍ ഇരുത്തിയിരിക്കുന്നത്. ഇതിന് പ്രതിഫലമായി എന്നും അവര്‍ക്ക് പണം ലഭിക്കുന്നുണ്ട്. വിദേശ് ഫണ്ട് ഉപയോഗിച്ച് അവര്‍ക്ക് ബിരിയാണിയും നല്‍കുന്നു. ജനങ്ങള്‍ അവരോടൊപ്പമാണെന്ന് കാണിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു.
ദില്ലിയിലെ ഷഹീന്‍ബാഗിലെയും കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസിലെയും കാഴ്ചകള്‍ ഒരുപോലെയാണ്. ബൃന്ദ കാരാട്ടിനെയും പി ചിദംബരത്തെയും പോലുള്ളവര്‍ ദില്ലിയിലും കൊല്‍ക്കത്തയിലും പോകുമ്പോള്‍ ഈ കൂട്ടത്തില്‍ പങ്കെടുക്കുന്നു. കുഞ്ഞുങ്ങളുമായി വിദ്യാഭ്യാസം ഇല്ലാത്ത സ്ത്രീകള്‍ അവിടെ ഇരിക്കുന്നുണ്ട്. അവര്‍ മാത്രമാണ് ആകെയുള്ള കാഴ്ചക്കാരെന്നും ദിലീപ് പറഞ്ഞു. നേരത്തരെയും, പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള നേതാവാണ് ദിലീപ് ഘോഷ്.
അതേസമയം, ഗോലിമാരോ പോലുള്ള പ്രചാരണം ദില്ലിയില്‍ ബിജെപിക്ക് തിരിച്ചടിയായെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ സമ്മതിച്ചിരുന്നു. ഗോലിമാരോ, ഇന്ത്യ- പാകിസ്ഥാന്‍ മാച്ച് തുടങ്ങിയ പരാമര്‍ശങ്ങള്‍ ബിജെപി ഒഴിവാക്കേണ്ടതായിരുന്നു. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനേയും ഷഹീന്‍ ബാഗീനേയും ബന്ധിപ്പിക്കേണ്ടതില്ല.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാന്‍ മാത്രമല്ല ബിജെപിയുടെ ആശയങ്ങള്‍ ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ കൂടിയാണെന്നും അമിത് ഷാ പറഞ്ഞു. ദില്ലിയിലെ തെരഞ്ഞെടുപ്പ് ഫലം പൗരത്വ നിയമത്തിനോ എൻപിആറിനോ എതിരെയുള്ള ജനവിധിയല്ലെന്നും അമിത് ഷാ വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam