'പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക ബം​ഗാളിൽ': ആർക്കും തടയാനാകില്ല, മമതയ്ക്കെതിരെ ദിലീപ് ഘോഷ്

By Web TeamFirst Published Dec 14, 2019, 1:48 PM IST
Highlights

സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പാക്കാൻ സാധിക്കില്ലെന്ന് മമത ബാനർജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ദിലീപ് ഘോഷ് രം​ഗത്തെത്തിയത്.

കൊൽക്കത്ത: പൗരത്വ നിയമം ആദ്യം നടപ്പാക്കുക പശ്ചിമബം​ഗാളിലാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. മുഖ്യമന്ത്രിയായ മമതാ ബാനർജിക്കോ അവരുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിനോ ഇത് തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പാക്കാൻ സാധിക്കില്ലെന്ന് മമത ബാനർജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ദിലീപ് ഘോഷ് രം​ഗത്തെത്തിയത്.

"ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനേയും നോട്ടുനിരോധനത്തേയും മമതാ ബാനർജി എതിർത്തിരുന്നു. എന്നാൽ അത് നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ട് പോയില്ല. ഈ വിഷയത്തിലും അത് തന്നെയാണ് നടക്കാന്‍ പോകുന്നത്"-ദിലീപ് ഘോഷ് പറഞ്ഞു. വോട്ട് ബാങ്കിനെ ലക്ഷ്യം വച്ചാണ് മമത പൗരത്വ നിയമത്തെ എതിര്‍ക്കുന്നതെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.

Read Also: പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ വിഭജിക്കും; മെഗാ റാലി പ്രഖ്യാപിച്ച് മമത ബാനര്‍ജി

ഏത് സാഹചര്യത്തിലും പൗരത്വ ഭേദഗതി ബില്‍ പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മമത ബാനര്‍ജി ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ വിഭജിക്കുന്നതാണെന്നും തങ്ങള്‍ ഭരണത്തിലിരിക്കുന്ന കാലത്തോളം സംസ്ഥാനത്തെ ഒരൊറ്റ മനുഷ്യനും രാജ്യം വിട്ടുപോകില്ലെന്നും മമത വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റില്‍ ബില്‍ പാസായ സമയത്തും മമത ബില്ലിനെതിരെ നിലപാടെടുത്തിരുന്നു.  
 

click me!