
ദില്ലി: ദേശീയപാതയിൽ വൃത്തിയില്ലാത്ത ടോയ്‌ലറ്റ് കണ്ടിട്ടുണ്ടോ? എങ്കിൽ ഫോട്ടോയെടുത്തോ. നിങ്ങളുടെ ഫാസ്‌ടാഗ് അക്കൗണ്ടിലേക്ക് 1000 രൂപ എത്തും. ഇത് വിചിത്രമായി തോന്നുന്നുണ്ടോ? എന്നാലത് സത്യമാണ്. എൻ.എച്ച്.എ.ഐയുടെ (ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ) പുതിയ പദ്ധതി പ്രകാരം, ദേശീയ പാതയിൽ യാത്ര ചെയ്യുമ്പോൾ ടോൾ പ്ലാസയിൽ വൃത്തിയില്ലാത്ത ടോയ്‌ലെറ്റ് കണ്ടാൽ അറിയിക്കണം. സമ്മാനം ഫാസ്‌ടാഗ് അക്കൗണ്ടിലേക്ക് വരും.
ടോൾ പ്ലാസകളിലെ വൃത്തിഹീനമായ ടോയ്‌ലെറ്റുകൾ റിപ്പോർട്ട് ചെയ്യുന്ന യാത്രക്കാർക്ക് പ്രതിഫലം നൽകുന്ന പ്രത്യേക ശുചിത്വ യജ്ഞമാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം, 'രാജ്മാർഗ് യാത്ര' മൊബൈൽ ആപ്പ് വഴി സമർപ്പിക്കുന്ന സാധുവായ ഓരോ റിപ്പോർട്ടിനും ഫാസ്‌ടാഗ് ക്രെഡിറ്റായി 1,000 രൂപ ലഭിക്കും. ഈ വർഷം ഒക്ടോബർ 31 വരെ എല്ലാ ദേശീയപാതകളിലും ഈ പദ്ധതി ബാധകമാണ്.
വൃത്തിയില്ലാത്ത ടോയ്‌ലെറ്റുകളുടെ വ്യക്തമായ, ജിയോ-ടാഗ് ചെയ്ത, സമയം രേഖപ്പെടുത്തിയ ചിത്രങ്ങൾ 'രാജ്മാർഗ് യാത്ര' ആപ്പ് വഴി അപ്‌ലോഡ് ചെയ്യണം. ചിത്രത്തോടൊപ്പം സ്വന്തം പേര്, സ്ഥലം, വാഹനം, രജിസ്‌ട്രേഷൻ നമ്പർ , മൊബൈൽ നമ്പർ എന്നിവയും നൽകണം. പരാതി ശരിയാണെന്ന് കണ്ടെത്തിയാൽ ലിങ്ക് ചെയ്‌ത ഫാസ്‌ടാഗ് അക്കൗണ്ടിലേക്ക് 1000 രൂപ എത്തും. ഇത് കൈമാറ്റം ചെയ്യാനോ പണമായി പിൻവലിക്കാനോ കഴിയില്ല.
എൻ.എച്ച്.എ.ഐ നിർമ്മിക്കുകയോ പ്രവർത്തിപ്പിക്കുകയോ പരിപാലിക്കുകയോ ചെയ്യുന്ന ടോയ്‌ലെറ്റുകൾക്ക് മാത്രമേ ഈ പദ്ധതി ബാധകമാവുകയുള്ളൂ. പെട്രോൾ സ്റ്റേഷനുകൾ, ഹോട്ടലുകൾ, അല്ലെങ്കിൽ എൻ.എച്ച്.എ.ഐയുടെ നിയന്ത്രണത്തിന് പുറത്തുള്ള മറ്റ് സ്ഥലങ്ങളിലെ ടോയ്‍ലറ്റ് സൌകര്യങ്ങൾ എന്നിവ പരിഗണിക്കില്ല. ഒരാൾക്ക് ഒരു തവണ മാത്രമേ ഈ പ്രതിഫലം കിട്ടൂ.
ഒരേ ടോയ്‌ലെറ്റിന്‍റെ ചിത്രം കുറേപ്പേർ അയച്ചാൽ ഒരാൾക്ക് മാത്രമേ പ്രതിഫലം നൽകൂ. അതായത് ഒരേ ദിവസം ഒന്നിലധികം പേർ ഒരേ ടോയ്‌ലെറ്റിനെക്കുറിച്ച് റിപ്പോർട്ട് ചെയ്താൽ, ആദ്യം സമർപ്പിച്ച യാത്രക്കാരനാകും പ്രതിഫലം കിട്ടുകയെന്ന് വാർത്താഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സമർപ്പിച്ച ഫോട്ടോകൾ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കൊപ്പം എ.ഐ സഹായത്തോടെയും പരിശോധിക്കും. എന്തെങ്കിലും തരത്തിലുള്ള കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് ബോധ്യമായാൽ ചിത്രങ്ങൾ പ്രതിഫലത്തിന് പരിഗണിക്കില്ല.